ബഹിരാകാശ നിലയത്തിൽനിന്നും ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു*
കാലിഫോർണിയ: ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ നാലോടെയാണ് അണ്‍ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്ക് മുകളിൽവച്ചായിരുന്നു അണ്‍ഡോക്കിംഗ്.
ഭൂമിയിലേക്ക് പത്തര മണിക്കൂർ യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.11ന് പേടകം കടലിൽ ഇറങ്ങും. കാലിഫോർണിയയുടെ തീരത്തോട് ചേർന്നാണ് പേകടം കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും.
ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് പ്രശ്നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി വെളിപ്പെടുത്തില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും.
*വേദിയിൽ വിരിഞ്ഞതു ശബ്ദവിസ്മയം;പവിഴമല്ലി ഹൗസ്ഫുൾ*
തൃശൂർ: ടൗൺഹാളിലെ പവിഴമല്ലി വേദിയിൽ മിമിക്രി മത്സരം തുടങ്ങിയപ്പോൾ പൂരനഗരി കണ്ടത് ഒരു പക്കാ സിനിമാകൊട്ടക പ്രതീതി. എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരം കാണാൻ കാണികൾ ഇരച്ചെത്തിയതോടെ ഹാൾ ഹൗസ്ഫുൾ!
ആൺകുട്ടികളുടെ മത്സരം പതിവുശബ്ദാനുകരണത്തോടെയാണ് തുടങ്ങിയതെങ്കിലും വേദി പെട്ടെന്നാണ് ട്രെൻഡിംഗ് ഡയലോഗുകളിലേക്കും ബിജിഎമ്മുകളിലേക്കും ട്രാക്ക് മാറ്റിയത്. അവതരണരീതികൊണ്ടും ശബ്ദവിസ്മയങ്ങൾകൊണ്ടും സദസിനെ ഞെട്ടിച്ചതു മിമിക്രി കലാകാരികൾ ആയിരുന്നു.
*എ ഗ്രേഡ് തിളക്കം*
ആൺകുട്ടികളിൽ മത്സരിച്ച 14 പേരിൽ 11 പേരും പെൺകുട്ടികളിൽ മത്സരിച്ച 15 ൽ 12 പേരും എ ഗ്രേഡ് തിളക്കവുമായാണ് മടങ്ങിയത്. പുതിയ പ്രമേയങ്ങൾ ഏറെ എത്തിയെങ്കിലും അവതരണത്തിലെ പിഴവുകളും ശബ്ദാനുകരണത്തിലെ പാളിച്ചകളും വിധികർത്താവായ മിമിക്രിതാരം സാജു കൊടിയൻ ചൂണ്ടിക്കാട്ടി.
*അച്ഛന്റെ വഴിയേ മകനും; മൈക്കിനുമുന്നിൽ വിറച്ച ബാല്യം,*
*ഇന്ന് മിമിക്രിയുടെ സുൽത്താൻ*
തൃശൂർ: എൽകെജിയിൽ പഠിക്കുമ്പോൾ മൈക്കിനു മുന്നിൽ പകച്ചുനിന്ന് കരഞ്ഞോടിയ ആ കൊച്ചുപയ്യനല്ല ഇന്നു നിഷാൻ മുഹമദ്. ഇന്നവൻ മൈക്കിനുമുന്നിൽ നിന്നാൽ സദസ് ഒന്നടങ്കം നിശബ്ദമാകും. പിന്നാലെ ശബ്ദവിസ്മയങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തും. സംസ്ഥാന സ്കൂൾ മിമിക്രി വേദിയിൽ തുടർച്ചയായ നാലാംതവണയും എ ഗ്രേഡ് തിളക്കത്തിലാണ് കോഴിക്കോട് പാലോറ എച്ച്എസ്എസിലെ ഈ പ്ലസ് വൺ വിദ്യാർഥി.
കോഴിക്കോടുനിന്ന് തൃശൂരിലെ കലോത്സവനഗരിയിലേക്കുള്ള ഒരു വ്ലോഗറുടെ യാത്രയായിരുന്നു നിഷാന്റെ പ്രമേയം. നെഞ്ചിടിപ്പേറ്റുന്ന കാന്താര ബിജിഎമ്മും മനസുനിറയ്ക്കുന്ന താരാട്ടുപാട്ടും പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും സമന്വയിപ്പിച്ച പ്രകടനം സദസിനെ വിസ്മയിപ്പിച്ചു.
മിമിക്രി താരം ഫൈസൽ ഉളിയേരിയുടെയും തസ്നിയുടെയും മകനായ നിഷാൻ, പാരമ്പര്യമായി ലഭിച്ച കലാവാസനയെ പുത്തൻ ട്രെൻഡുകളുമായി ചേർത്തുവച്ചാണ് വേദി കീഴടക്കിയത്. പരിശീലനത്തിനായി പ്രത്യേക സമയം ചെലവിടാറില്ലെന്നും ഒഴിവുവേളകൾ അതിനായി ഉപയോഗിക്കുമെന്നും സിനിമയാണ് തന്റെ ലക്ഷ്യമെന്നും നിഷാൻ കൂട്ടിച്ചേർത്തു.
*ചിരിയില്ല, കരയിപ്പിച്ച് എയ്ഞ്ചൽ*
തൃശൂർ: ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചെത്തിയ കാണികൾക്കുമുന്നിൽ ഇക്കുറി മിമിക്രി വേദി നോവിന്റെ കനലായി. എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽദുരന്തവും ഗാസയിലെ യുദ്ധഭീതിയുമെല്ലാം ശബ്ദങ്ങളായി പുനർജനിച്ചപ്പോൾ സദസ് ഞെട്ടലോടെയാണ് അതു കേട്ടിരുന്നത്.
ഉരുൾപൊട്ടലിൽ ഉറ്റവരെത്തേടി അലയുന്ന റിങ്കു എന്ന നായയുടെ ദയനീയാവസ്ഥ ഉൾപ്പെടെ ശബ്ദം കൊണ്ട് ആവിഷ്കരിച്ചതു കോഴിക്കോട് മേമുണ്ട എച്ച്എസ്എസിലെ എയ്ഞ്ചൽ ബി. ദീഷ്. മിമിക്രി ആർട്ടിസ്റ്റ് ഷൈജു പേരാമ്പ്രയുടെ ശിക്ഷണത്തിൽ എത്തിയ എയ്ഞ്ചൽ ചൂരൽമലയിൽനിന്ന് ഗാസയിലെ യുദ്ധമുഖത്തേക്കുള്ള യാത്രയാണ് വേദിയിൽ പകർത്തി എ ഗ്രേഡ് നേടിയത്.
അപ്പീലിലൂടെ മത്സരത്തിനെത്തിയ കോഴിക്കോട് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ എസ്.ആർ. ശ്രീനഹയും ഗാസയിലെയും പലസ്തീനിലെയും ദുരിതജീവിതം ശബ്ദങ്ങളായി വേദിയിലെത്തിച്ച് എ ഗ്രേഡ് സ്വന്തമാക്കി. ഷൈജു അട്ടപ്പാടിക്കുകീഴിൽ മൂന്നുമാസംമാത്രം പരിശീലനം നടത്തിയാണ് ശ്രീനഹ മിന്നുംപ്രകടനം കാഴ്ചവച്ചത്.
*ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ... പേര് ആൽവിൻ*
തൃശൂർ: ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ...എന്ന നിവിൻ പോളി സിനിമയിലെ മാസ് ഡയലോഗ് തന്റെ ജീവിതത്തിൽ പകർത്തിയിരിക്കുകയാണ് മതിലകം സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ആൽവിൻ ആന്റണി.
ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ, സ്വന്തം പരിശ്രമത്തിലൂടെ മിമിക്രി പഠിച്ചെടുത്ത ഈ മിടുക്കൻ സംസ്ഥാന കലോത്സവത്തിലെ കന്നിയങ്കത്തിൽതന്നെ എ ഗ്രേഡ് സ്വന്തമാക്കി. ആസിഫ് അലിയും നസ്ലിനും ലാലും റിയാസ് ഖാനും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വൈറലായ ഡയലോഗുകൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ് കൈയടികളോടെ വരവേറ്റു.
ബയോ സയൻസ് വിദ്യാർഥിയായ ആൽവിൻ ചിത്രരചനയിലും മുന്‍പേ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ സംവിധായകൻ ജിനോ ലോനയുടെയും മീരയുടെയും മകനായ ആൽവിൻ, തനിക്കു ചുറ്റുമുള്ള ശബ്ദങ്ങളെയും സിനിമയെയും നിരീക്ഷിച്ചാണ് മിമിക്രിയുടെ ലോകത്തേക്ക് എത്തിയത്.
*പദ്യോച്ചാരണത്തിൽ വേറിട്ട ശബ്ദമായി സേറ; സ്വന്തം കവിതചൊല്ലി എ ഗ്രേഡ്*
തൃശൂർ: സ്കൂൾ കലോത്സവവേദിയിലെ പദ്യോച്ചാരണമത്സരങ്ങളിൽ സാധാരണ കേൾക്കാറുള്ളതു ഷേക്സ്പിയറോ വേർഡ്സ്വർത്തോ ആണ്.
എന്നാൽ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ഇത്തവണ മുഴങ്ങിക്കേട്ടതു നീതിക്കുവേണ്ടിയുള്ള ഒരു കൗമാരക്കാരിയുടെ രോഷമായിരുന്നു.
കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ ഓർമകൾക്കുമുന്നിൽ സ്വന്തം വരികൾകൊണ്ട് പ്രണാമമർപ്പിച്ചാണ് സേറ റോസ് ജോസഫ് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്.
മറ്റു മത്സരാർഥികൾ പ്രമുഖകവികളുടെ രചനകൾ ആലപിച്ചപ്പോൾ, സേറ തെരഞ്ഞെടുത്തതു താൻതന്നെ രചിച്ച "കസാൻഡ്രാസ് കഴ്സ്' എന്ന കവിതയായിരുന്നു. സമൂഹത്തിലെ അനീതികൾക്കെതിരേ വിരൽചൂണ്ടുന്ന വരികൾ വിധികർത്താക്കളുടെയും കാണികളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സേറയ്ക്കു സ്വന്തം സ്കൂൾതന്നെ മൽസരവേദിയായി എന്നതും ഏറെ ശ്രദ്ധേയമായി.
*മാപ്പിളപ്പാട്ടിനോടിഷ്ടം കൂടിയ വൈഗയെ തേടി എ ഗ്രേഡ്*
തൃശൂർ: മാപ്പിളപ്പാട്ടിന്റെ മൊഞ്ചിനോട് ഇഷ്ടം ഏറെയാണ് വൈഗയ്ക്ക്. ശാസ്ത്രീയസംഗീതത്തോട് പെരുത്തിഷ്ടമാണേലും മാപ്പിളപ്പാട്ടിൽമാത്രം മത്സരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം.
ആ തീരുമാനം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് എട്ടാം ക്ലാസുകാരി വൈഗ സുരേഷ് സംസ്ഥാന കലോത്സവത്തിലെ കന്നി എ ഗ്രേഡുമായി മടങ്ങുന്നത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
നാലുവർഷമായി ഭരണിക്കാവ് അജയകുമാറിനുകീഴിൽ സംഗീതം അഭ്യസിക്കുന്നു. ചെന്നിത്തല കാരാഴ്മ മണലിൽ കുളങ്ങര വീട്ടിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായ രതീഷിന്റെയും വീട്ടമ്മയായ മഞ്ജുവിന്റെയും മകളാണ്. അനുജൻ വിഘ്നേഷ് രണ്ടാംക്ലാസ് വിദ്യാർഥി.
*സർവം ആവേശമായി ഡെലൂലു*
തൃശൂര്‍: "സര്‍വം മായ' സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ജെന്‍സി താരം റിയ ഷിബു കലോത്സവേദിയിലും സൃഷ്ടിച്ചതു ഡെലൂലു എഫക്ട്. ഉദ്ഘാടനവേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ "സൂര്യകാന്തി' സ്റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമൊപ്പം വിശിഷ്ടാതിഥിയായെത്തിയ ഡെലൂലൂ കൈയടികള്‍ വാരിക്കൂട്ടി. പ്രസംഗിക്കാനായി റിയ ഷിബുവിനെ ക്ഷണിച്ചപ്പോള്‍തന്നെ കുട്ടികൾ നിറഞ്ഞ കൈയടികളോടെ അവരുടെ സ്നേഹം അറിയിച്ചു.
നിറഞ്ഞ ചിരിയുമായി വേദിയിലെത്തിയ ഡെലൂലു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദിപറഞ്ഞാണ് തുടങ്ങിയത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാരകലാമേളയില്‍ വിശിഷ്ടാതിഥിയായി എത്താന്‍ സാധിച്ചതില്‍ ഡെലൂലു സംഘാടകര്‍ക്കു നന്ദി പറഞ്ഞു.
""കലയെ ഒരു മത്സരം മാത്രമായി കാണേണ്ടതില്ല, അതൊരു ഇമോഷന്കൂടിയാണ്. സ്കൂള്‍ ജീവിതകാലത്തു കലോത്സവത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല, കാരണം ആത്മവിശ്വാസക്കുറവായിരുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നതിനെക്കാള്‍ പ്രധാനമാണ് പങ്കെടുക്കുന്നത്. അതിന് അവനനവില് വിശ്വസിച്ചെങ്കില്മാത്രമേ സാധിക്കുകയുള്ളു. അതുതന്നെയാണ് മത്സരാര്‍ഥികള്‍ക്കു ലഭിക്കാവുന്ന യഥാര്ഥസമ്മാനം. പരാജയങ്ങള്‍ നിങ്ങളെ നിര്‍വചിക്കാന്‍ അനുവദിക്കരുത്. മുന്നോട്ടുപോവുകതന്നെ വേണം. കലയെന്നത് നിങ്ങളുടെ ഉള്ളിലെ വാസനകളെ തുറന്നുകാട്ടാനുള്ള അവസരരമാണ്'' റിയ ഷിബു പറഞ്ഞു.
വേദിവിട്ട ഡെലൂലുവിനെ കാത്ത് വേദിക്കുപുറത്തും ആരാധകര്‍ തടിച്ചുകൂടി. ആരാധകര്‍ക്കൊപ്പം സെല്ഫിഎടുത്തുകൊണ്ടുനിന്ന ഡെലൂലു, ദീപികയോടും കലോത്സവവേദിയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു.
ഇത്തരമൊരു ആദരവ് താന്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നും അവർ പറഞ്ഞു.എന്തു സംഭവിച്ചിലും 'കീപ്പ് ഗോയിംഗ്' എന്ന സന്ദേശം മാത്രമാണ് തനിക്കു മത്സരാര്‍ഥികള്‍ക്കു നല്കാനുള്ളതെന്നും പ്രേക്ഷകരുടെ പ്രിയ ഡെലൂലു പറഞ്ഞു.
*ശബരിമല സ്വർണക്കവർച്ച കേസ്; മുൻ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹർജി വീണ്ടും പരിഗണിക്കുക വെള്ളിയാഴ്ച*
*കൊല്ലം:* ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ജനുവരി 16 വെള്ളിയാഴ്ചയാണ് ജാമ്യഹർജി വീണ്ടും പരിഗണിക്കുക. ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശങ്കരദാസ് മുൻകൂർ ജാമ്യം തേടിയത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
ശങ്കർദാസ് നിലവിൽ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തെളിവായി ശങ്കർദാസ് മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങൾ അടക്കം പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ചു. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അതിനാൽ ജാമ്യം അനുവാശിക്കണമെന്നുമായിരുന്നു അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം,ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ശബരിമലയിൽ നടന്നത് അതീവ ഗുരുതരമായ ക്രമക്കേടാണെന്നും ദൈവത്തെ പോലും കൊള്ളയടിക്കാൻ മടിക്കാത്ത അവസ്ഥയാണുണ്ടായതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം. സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ശങ്കർദാസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്.
*രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്ഐടി പരിശോധന; എത്തിയത് ലാപ്ടോപ്പ് അന്വേഷിച്ച്? അന്വേഷണ സംഘം വീട്ടിൽ ചെലവഴിച്ചത് പത്ത് മിനിറ്റ് മാത്രം*
*അടൂർ:* ബലാത്സംഗ കേസിൽ അറസ്റ്റിലായി എസ്ഐടിയുടെ കസ്റ്റഡിയിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ ആണ് എസ്ഐടിയും അടൂർ ഡിവൈഎസ്പിയും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ആണ് അന്വേഷണ സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. സംഘം വെറും പത്ത് മിനിറ്റ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. രാഹുലിന്റെ ലാപ്ടോപ്പ് തേടിയാണ് എസ്ഐടി എത്തിയതെന്നാണ് വിവരം. അതിൽ നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്ഐടിയുടെ നിഗമനം.
പോലീസ് സംഘം വീട്ടിലെത്തുമ്പോൾ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോടു ചോദ്യങ്ങളൊന്നും ചോദിക്കാതെ രാഹുലിന്റെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ വീട്ടിൽ നിന്നും ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ ചോദ്യം ചെയ്തപ്പോൾ ലാപ്ടോപ്പിനെക്കുറിച്ച് എസ്ഐടി ചോദിച്ചിരുന്നു. എന്നാൽ ലാപ്ടോപ്പ് താൻ ഉപയോഗിക്കാറില്ല എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ അന്വേഷണ സംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐടി ക്ലബ് സെവനിൽ ഇന്ന് രാവിലെയാണ് രാഹുലുമായി അന്വേഷണ സംഘം എത്തിയത്. രാഹുലും യുവതിയും തങ്ങിയ 408-ാം നമ്പർ മുറിയിൽ ഉൾപ്പെടെ പരിശോധന നടത്തി. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുൽ പിന്നീട് ഹോട്ടലിലെത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ, പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.
*കണക്ട് ടു വര്‍ക്ക് പദ്ധതി; മത്സര - സ്കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അവസരം; അപേക്ഷ ക്ഷണിച്ചു..*
*തിരുവനന്തപുരം* : വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്കില്‍ പരിശീലനം നടത്തുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സ്കോളര്‍ഷിപ്പ് നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.*
എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം സ്കില്‍ പരിശീലനം നേടുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. താത്പര്യമുള്ളവര്‍ www.eemployment.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04832734904.
*അവധി കഴിഞ്ഞ് സൗദിയിലെത്തിയ എൻജിനീയർ മരിച്ച നിലയിൽ; പ്രവാസ ലോകത്തെ നൊമ്പരപ്പെടുത്തി മറ്റൊരു മരണം കൂടി.*
*നാട്ടിലെ അവധി കഴിഞ്ഞ് മടങ്ങി സൗദി അറേബ്യയിലെത്തിയ മലയാളി എൻജിനീയറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി അഫ്സലുൽ ഹഖ് (27) ആണ് സൗദിയിലെ ഖഫ്ജി സഫാനിയയിൽ മരണപ്പെട്ടത്.*
*ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ സൗദിയിൽ തിരിച്ചെത്തിയത്. ഖഫ്ജി സഫാനിയയിലെ അരാംകോ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അഫ്സൽ.*
*പുളിക്കൽ നരികുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകനാണ്. ചെറുപ്പത്തിലേ തന്നെ വിദേശത്ത് ജോലി ലഭിച്ച അഫ്സലിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബത്തെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്.*
*മയ്യിത്ത് നിലവിൽ ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.*
*ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ: വിധി പറയുന്നത് വീണ്ടും മാറ്റി യുഎസ് സുപ്രീം കോടതി*
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളുടെമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തിയതിന്റെ നിയമസാധുത സംബന്ധിച്ച കേസിൽ അന്തിമ വിധി പുറപ്പെടുവിക്കാതെ യുഎസ് സുപ്രീം കോടതി.
കേസിൽ മൂന്ന് വിധികൾ പുറപ്പെടുവിച്ച കോടതി അന്തിമ വിധി പറഞ്ഞില്ല. വിധി പറയുന്ന പുതിയ തീയതിയും കോടതി അറിയിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയാതെ മാറ്റിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഒൻപതിന് വിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല.
ഇത്തരത്തിൽ തീരുവ ചുമത്താൻ പ്രസിഡന്റിനു നിയമപരമായ അവകാശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണു സുപ്രീം കോടതിയിലെത്തിയത്. തീരുവ ഉയർത്തൽ യുഎസിനു സാമ്പത്തികമായി കൂടുതൽ കരുത്തേകിയെന്ന വാദമാണു ട്രംപ് ഭരണകൂടത്തിന്റേത്.
*മധ്യപ്രദേശിൽ 26 ടണ്‍ ഗോമാംസം പിടിച്ചെടുത്തു*
ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശിൽ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു.
തലസ്ഥാന നഗരിയായ ഭോപ്പാലിൽനിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.
സംസ്ഥാനസർക്കാരും മുനിസിപ്പൽ കോർപറേഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്നതിനാൽ പാർട്ടിയുടെ പ്രതിബദ്ധതയും അത് നടപ്പാക്കുന്നതും തമ്മിലുള്ള അന്തരമാണ് സംഭവം തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ഭോപ്പാൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന അറവുശാലയിൽനിന്നുള്ള മാംസമാണു പിടിച്ചെടുത്തത്. എരുമകളെ കശാപ്പ് ചെയ്യുന്നതിനുള്ള ലൈസൻസ് മാത്രമായിരുന്നു അറവുശാലയ്ക്കുണ്ടായിരുന്നത്. പശുക്കളെ അറക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി വിഷയം വിവാദമായതോടെ അറവുശാല മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു പൂട്ടി.
പിടിച്ചെടുത്ത മാംസം പോത്തിന്റേതാണെന്ന് കോർപറേഷൻ അധികൃതർ ആദ്യം വാദിച്ചെങ്കിലും മഥുരയിലെ വെറ്ററിനറി കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുവിറച്ചി തന്നെയാണെന്നു കണ്ടെത്തി. മാംസം മഹാരാഷ്ട്രയിലെത്തിച്ച് അവിടെനിന്നു ചെന്നൈ വഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും നാളുകൾക്കുമുന്പേ പശു ഇറച്ചി കടത്ത് ആരംഭിച്ചിരുന്നുവെന്നുമുള്ള ആരോപണമുയരുന്നുണ്ട്.
ഗോവധവും ഗോമാംസം കടത്തലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബിജെപിയും സംസ്ഥാനസർക്കാരും കൈകോർത്തുവെന്നാണ് ആരോപണം.
*ജഡ്ജിയുടെ വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക ടി.ബി. മിനി*
കൊച്ചി: ജഡ്ജിയുടെ വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക ടി.ബി. മിനി. കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(സി) അനുസരിച്ച് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് അപേക്ഷ നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിമർശനത്തിനെതിരെയാണ് അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി രംഗത്തുവന്നത്. കേസുമായി ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെ ടി.ബി. മിനിക്കെതിരെ പ്രിൻസിപ്പൽ സെഷഷൻസ് ജഡ്ജി ഹണി എം. വർഗീസ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു.
കേസിന്റെ വിചാരണ സമയത്ത് 10 ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണു പതിവെന്നുമായിരുന്നു ജഡ്ജിയുടെ വിമർശനം. കോടതിയലക