*🟨പഹൽഗാം പാഠം: സിആർപിഎഫ് തുറന്നത് 43 താവളങ്ങൾ*
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ജമ്മുകാഷ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ സിആർപിഎഫ് 43 താത്കാലിക സൈനിക താവളങ്ങൾ തുറന്നതായി വെളിപ്പെടുത്തൽ.
ഉയർന്ന മേഖലകളിൽ ഒളിച്ചുകഴിയുന്ന ഭീകരരെ പിടികൂടുക ലക്ഷ്യമിട്ടായിരുന്നു ഇത്.
സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിലായിരുന്നു താത്കാലിക താവളങ്ങൾ. 2025 ജുലൈ മുതൽ ഇതുവരെ 43 താത്കാലിക കേന്ദ്രങ്ങൾ നിർമിച്ചു.
*🟨മുസ്ലിം സംവരണം മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി*
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലിം സമുദായത്തിനു ജോലിക്കും വിദ്യാഭ്യാസത്തിനും അനുവദിച്ച അഞ്ചു ശതമാനം സംവരണം സർക്കാർ റദ്ദാക്കി. ഇതു സംബന്ധിച്ച പ്രത്യേക ഉത്തരവ് ചൊവ്വാഴ്ചയാണ് സർക്കാർ പുറപ്പെടുവിച്ചത്.
സർക്കാർ തീരുമാനത്തിനെതിരേ വിവിധ മുസ്ലിം സംഘടനകളും കോൺഗ്രസ്, എൻസിപി എന്നിവ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
2014 നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാരാണ് മറാഠകൾക്ക് 16 ഉം മുസ്ലിംകൾക്ക് അഞ്ചും ശതമാനം സംവരണം ഏർപ്പെടുത്തി ഓർഡിനൻസ് ഇറക്കിയത്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തെ പിന്നാക്കമായി പരിഗണിച്ച് അഞ്ചു ശതമാനം സംവരണം നല്‍കണമെന്നായിരുന്നു നിർദേശം. എന്നാൽ, 2014ൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ ഓർഡിനൻസ് നിയമമാക്കിയില്ല.
*🟨അജിത് പവാർ സഞ്ചരിച്ച വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രോഹിത് പവാർ*
മുംബൈ: വിമാനപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാക്കൾ രംഗത്ത്. ഇതുസംബന്ധിച്ച് എൻസിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ ആവശ്യപ്പെട്ടു.
അജിത് പവാറിന്റെ അനന്തരവനാണ് രോഹിത് പവാർ. ചാർട്ടർ കമ്പനിയായ വിഎസ്ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇതുവരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച രോഹിത് വിമാനത്തിൽ അധിക ഇന്ധന ടാങ്കുകളുണ്ടായിരുന്നുവെന്ന ആരോപണം ആവർത്തിച്ചു.
അന്വേഷണത്തിന് ഉന്നതതല നിരീക്ഷണ സമിതി രൂപീകരിക്കണം. സമിതിയിൽ മുൻ ഉദ്യോഗസ്ഥർ, മുൻ ജഡ്ജിമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ്, കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടണമെന്നും രോഹിത് ആവശ്യപ്പെട്ടു.
*🟨എഐ ഉച്ചകോടി : ചൈനീസ് റോബോ നായയെ "സ്വന്തമാക്കി’; ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കി*
ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത റോബോ നായ തങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ എഐ ഉച്ചകോടിയില്‍നിന്ന് പുറത്താക്കി. അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതോടെ സര്‍വകലാശാല ഔദ്യോഗികമായി ക്ഷമാപണവും നടത്തി.
ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ ചൈനീസ് നിര്‍മിത റോബോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ മാധ്യമത്തിനു നല്കിയ വാര്‍ത്താശകലമാണ് അവകാശവാദങ്ങളുടെ അടിവേരിളക്കിയത്.
"ഓറിയോണ്‍’എന്ന പേരിലുള്ള റോബോട്ട് സര്‍വകലാശാലയുടെ മികവിന്റെ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണെന്നു പ്രൊഫസര്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കി.
ചൈനയുടെ യൂണിട്രീ റോബോട്ടിക്സ് എന്ന കമ്പനി നിര്‍മിച്ച ജിഒ2 മോഡല്‍ എന്ന റോബോട്ടാണതെന്നും ഇന്ത്യയില്‍ ഏകദേശം രണ്ടു ലക്ഷം രൂപ കൊടുത്താല്‍ ഈ ഉപകരണം ലഭ്യമാണെന്നും സമൂഹമാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു.
യഥാര്‍ഥ നിര്‍മാതാക്കളുടെ ബ്രാന്‍ഡിംഗും റോബോട്ടില്‍ വ്യക്തമാണെന്ന് ഓണ്‍ലൈനില്‍ കണ്ടതോടെ ഉച്ചകോടിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കേന്ദ്രം സര്‍വകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ സര്‍വകലാശാല ആദ്യം ഉരുണ്ടുകളിച്ചെങ്കിലും പിന്നീട് സ്ഥലം കാലിയാക്കി. ഒടുവിൽ ക്ഷമാപണം നടത്തുകയും ചെയ്തു.
*🟨എഐ ഉച്ചകോടി: ലോകനേതാക്കളെ കണ്ട് മോദി*
ന്യൂഡല്‍ഹി: എഐ ഉച്ചകോടിയോടനുബന്ധിച്ചു നിരവധി ലോകനേതാക്കളുമായും ഗൂഗിള്‍ സിഇഒയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സ്പെയിന് പ്രസിഡന്റ്, ക്രൊയേഷ്യന്‍ പ്രധാനമന്ത്രി, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി, സെര്‍ബിയന്‍ പ്രസിഡന്റ്, എസ്തോണിയൻ പ്രസിഡന്റ്, കസാഖ് പ്രധാനമന്ത്രി, ഭൂട്ടാന് പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും കണ്ടു.
സ്പെയിന് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മോദി നടത്തിയ കൂടിക്കാഴ്ചയില്‍ 2026 സംസ്കാരത്തിന്റെയും ടൂറിസത്തിന്റെയും എഐയുടെയും ഇന്ത്യ-സ്പെയിന് വര്‍ഷമായി ആചരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ നടത്തുന്ന ആദ്യസന്ദര്‍ശനത്തില്‍ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെങ്കോവിച്ചുമായി മോദി ചര്‍ച്ചകള്‍ നടത്തി.
ചര്‍ച്ചയില്‍ ബ്ലൂ ഇക്കോണമിയും ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വാണിജ്യ ഇടനാഴിയായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും വിഷയമായിട്ടുണ്ടെന്ന് മോദി അറിയിച്ചു. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി എഐ, വ്യാപാരം, ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍, പ്രതിരോധം, ഉത്പാദനം, അടിസ്ഥാനസൗകര്യ വികസനം, വളം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുല ഡ സില്‍വ, യുഎഇ ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹിയാന്‍ എന്നിവരടക്കം നിരവധി രാഷ്ട്ര നേതാക്കൾ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
*🟨എഐ ഉച്ചകോടി നടത്തിപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷം*
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണ് ഡല്‍ഹിയിലെ എഐ ഉച്ചകോടിയിൽ നടക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഉച്ചകോടിയില്‍ ഇന്ത്യയുടെ ഡാറ്റ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചൈനീസ് ഉത്പന്നങ്ങള്‍ പ്രദര്ശിപ്പിക്കുകയുമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ചൈനീസ് നിര്‍മിത റോബോട്ട് ഇന്ത്യയിലെ സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോട്ടിയാസ് വികസിപ്പിച്ചതായി അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
റോബോട്ട് ചൈനീസ് നിര്‍മിതമാണെന്ന് കണ്ടെത്തിയതോടെ വിഷയം വിവാദമാകുകയും സര്‍വകലാശാലയോട് ഉച്ചകോടിയില്‍നിന്ന് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സംഭവത്തിലൂടെ മോദി സര്‍ക്കാര്‍ ആഗോളതലത്തില്‍ ഇന്ത്യയെ പരിഹാസപാത്രമാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചു.
ഉച്ചകോടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാട്ടി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.
ആദ്യദിനം നേരിട്ട തിരക്കില്‍ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നതായി അഖിലേഷ് ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയെ ഗതാഗതക്കുരുക്കിലാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
*🟨വംശീയാക്രമണം: ചക്മയുടെ മരണം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി*
ന്യൂഡല്‍ഹി: വംശീയാക്രമണം നേരിട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട ത്രിപുര സ്വദേശി ഏഞ്ചല്‍ ചക്മയുടെ മരണം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി.
ഇത്തരം സംഭവങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നിയന്ത്രിക്കണമെന്ന് വ്യക്തമാക്കിയ കോടതി വിഷയം പാര്‍ലമെന്റാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി.
ചക്മയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വംശീയ വിവേചനം അടിസ്ഥാനമാക്കിയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനങ്ങളില്‍ ഒരു നോഡല്‍ ഏജന്‍സി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്ജിക്കാരന് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കുന്നത് വിവേചനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം, വംശീയാധിക്ഷേപം സംബന്ധിച്ച് ഹര്ജിക്കാരന് ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജികള്‍ ബെഞ്ച് തീര്‍പ്പാക്കി.
*🟨എഐ ഉച്ചകോടി 21 വരെ നീട്ടി*
ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 21 വരെ നീട്ടി. ഉച്ചകോടിക്ക് ലഭിച്ച മികച്ച പ്രതികരണം മൂലമാണ് തീയതി നീട്ടുന്നതെന്ന് ഐടി സെക്രട്ടറി എസ്.കൃഷ്ണന് അറിയിച്ചു.
*ലോക റിക്കാർഡ്*
ഗിന്നസ് ലോകറിക്കാര്ഡിലും ഇടം പിടിച്ച് ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി. 24 മണിക്കൂറിനുള്ളില്‍ എഐയുടെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗത്തെപ്പറ്റി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി പ്രതിജ്ഞകളുണ്ടായതിനാണ് റിക്കാര്‍ഡ്.
5000 പ്രതിജ്ഞകള്‍ വിദ്യാര്ഥികളെക്കൊണ്ട് ചൊല്ലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നതെങ്കിലും 24 മണിക്കൂറിനുള്ളില്‍ 2,50,946 പ്രതിജ്ഞകള്‍ ഉച്ചകോടിക്കിടയിലുണ്ടായി.
*🟨എഐയെ നിയന്ത്രിക്കേണ്ടത് ആഗോള സഹകരണത്തിലൂടെ: യുഎൻ മേധാവി*
ന്യൂഡല്‍ഹി: നിര്‍മിത ബുദ്ധിയെ (എഐ) നിയന്ത്രിക്കേണ്ടത് ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) കടമയല്ലെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വിഷയത്തില്‍ ആഗോള സഹകരണമാണ് ആവശ്യമെന്നു വ്യക്തമാക്കുകയായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പുറപ്പെടുന്നതിനു മുന്നേ വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു നല്കിയ അഭിമുഖത്തിലായിരുന്നു ഗുട്ടെറസിന്റെ വാക്കുകള്‍.
ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി യുഎന്‍ 2024ല്‍ അംഗീകരിച്ച ആഗോള ചട്ടക്കൂടായ ‘ഗ്ലോബല്‍ ഡിജിറ്റല്‍ കോംപാക്ടിനു’ കീഴില്‍ മൂന്ന് പ്രധാന സംരംഭങ്ങളും ഗുട്ടെറസ് എടുത്തുപറഞ്ഞു.
ലോകമെമ്പാടുമുള്ള 40 വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് നിര്‍മിതബുദ്ധിയില്‍ ഒരു പുതിയ ഉന്നതതല സ്വതന്ത്ര അന്താരാഷ്ട്ര ശാസ്ത്ര സമിതിയുടെ രൂപീകരണം, യുഎന്‍ നടത്താന്‍ പദ്ധതിയിടുന്ന എഐയുടെ ആഗോള വാര്‍ഷിക സംവാദം എന്നിവയ്ക്കു പുറമേ നിര്മിതബുദ്ധിയില്നിന്ന് ഗുണം നേടുന്നതിനായി വികസ്വരരാജ്യങ്ങളെ സഹായിക്കാനായി യുഎന്‍ ഒരു ഫണ്ടിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ഗുട്ടെറസ് വ്യക്തമാക്കി.
*🟨യുവതിയെയും പിഞ്ചുകുഞ്ഞിനെയും ചുട്ടുകൊന്നു*
ചായ്ബാസ(ജാർഖണ്ഡ്): വീടിനുള്ളിൽ കിടന്നുറങ്ങിയ യുവതിയെയും ഇവരുടെ ഒരു വയസുള്ള കുട്ടിയെയും ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി.
വെസ്റ്റ് സിംഘ്ഭും ജില്ലയിലെ കുമർദുംഗി ഗ്രാമത്തിലുണ്ടായ സംഭവത്തിനു പിന്നാലെ നാലുപേരെ പോലീസ് പിടികൂടി.
12 പേരാണ് വീട്ടിലേക്ക് ഇരച്ചെത്തിയതെന്ന് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഭർത്താവ് മൊഴി നൽകി.
*🟨ചൈനീസ് റോബോട്ടിനെ 'തദ്ദേശീയം' എന്ന് വിശേഷിപ്പിച്ചു; എഐ ഉച്ചകോടിയിൽ ഇന്ത്യക്ക് നാണക്കേട്*
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ ചൈനീസ് നിർമിത റോബോട്ടിനെ തദ്ദേശീയമായി വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ട യുപിയിലെ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിക്ക് കനത്ത തിരിച്ചടി. സംഭവം വിവാദമായതോടെ സർവകലാശാലയുടെ സ്റ്റാൾ ഉച്ചകോടിയിൽ നിന്ന് നീക്കം ചെയ്യുകയും അധികൃതർ പരസ്യമായി മാപ്പുപറയുകയും ചെയ്തു.
യൂണിവേഴ്സിറ്റിയുടെ സെന്റർ ഓഫ് എക്സലൻസ് 350 കോടി രൂപയുടെ നിക്ഷേപത്തിലൂടെ നിർമിച്ച 'ഓറിയോൺ' എന്ന റോബോട്ടിക് നായയെയാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. ഇത് പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചതാണെന്ന് പ്രൊഫസർ നേഹ സിംഗ് മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. എന്നാൽ, വീഡിയോ പുറത്തുവന്നതോടെ ഇത് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് വിപണിയിലിറക്കിയ മോഡലാണെന്ന് സോഷ്യൽ മീഡിയയിലെ സാങ്കേതിക വിദഗ്ധർ കണ്ടെത്തി. ഏകദേശം 2.3 ലക്ഷം രൂപയ്ക്ക് ആർക്കും വാങ്ങാൻ കിട്ടുന്ന ഈ റോബോട്ടിനെയാണ് സ്വന്തം കണ്ടുപിടുത്തമായി യൂണിവേഴ്സിറ്റി അവതരിപ്പിച്ചത്.
വിവാദം കടുത്തതോടെ പ്രൊഫസറെ തള്ളിപ്പറഞ്ഞുകൊണ്ട് ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി രംഗത്തെത്തി. പ്രൊഫസർക്ക് വിഷയത്തെക്കുറിച്ച് ശരിയായ അറിവില്ലായിരുന്നുവെന്നും അമിതാവേശം കൊണ്ടാണ് തെറ്റായ വിവരങ്ങൾ നൽകിയതെന്നും സർവകലാശാല പറഞ്ഞു.ഇത്തരമൊരു പ്രസ്താവന നടത്താൻ അവർക്ക് അധികാരമില്ലായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സംഭവം രാജ്യത്തിന് തന്നെ നാണക്കേടായതോടെ ഐടി മന്ത്രാലയം ഇടപെട്ട് സർവ്വകലാശാലയുടെ സ്റ്റാളിനുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അവരെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി യഥാർത്ഥ കണ്ടുപിടുത്തങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഈ സംഭവം വലിയ ആഘാതമായി.
*🟨നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസിന്റെ തകർപ്പൻ ജയം*
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ നെതർലൻഡ്സിനെ 17 റൺസിന് കീഴടക്കി ഇന്ത്യ.
ഗ്രൂപ്പ് എ-യിലെ അവസാന മത്സരവും വിജയിച്ചതോടെ ഒരു മത്സരം പോലും തോൽക്കാതെയാണ് ടീം ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന മികച്ച സ്കോറാണ് പടുത്തുയർത്തിയത്.
തുടക്കത്തിൽ ഓപ്പണർമാരെ വേഗത്തിൽ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും മധ്യനിരയിലെ തകർപ്പൻ പ്രകടനം രക്ഷക്കെത്തി. യുവതാരം അഭിഷേക് ശർമ്മ ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം തവണയും പൂജ്യത്തിന് പുറത്തായത് ആരാധകരെ നിരാശരാക്കി.
എന്നാൽ പിന്നീട് ക്രീസിലെത്തിയ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗാണ് കളി മാറ്റിയത്. വെറും 31 പന്തിൽ നിന്ന് ആറ് സിക്സറുകളും നാല് ഫോറുകളും അടക്കം 66 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്.
ദുബെയ്ക്ക് പിന്തുണയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (34), ഹാർദിക് പാണ്ഡ്യ (30), തിലക് വർമ്മ (28) എന്നിവരും നിർണായകമായ ഇന്നിംഗ്സുകൾ കളിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സ് പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയുടെ മാന്ത്രിക സ്പെല്ലാണ് ഡച്ച് പടയെ തളച്ചത്. തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയതടക്കം വരുൺ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
ബാറ്റിംഗിലെ കരുത്ത് ബൗളിംഗിലും പുറത്തെടുത്ത ശിവം ദുബെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ജസ്പ്രീത് ബുംറയുടെ സാന്നിധ്യവും അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുക്കാതെയുള്ള നിയന്ത്രണവും ഇന്ത്യൻ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇ