*🟨തോറ്റ എസ്എഫ്ഐ പ്രവര്‍ത്തകനെ ജയിപ്പിക്കാന്‍ ശ്രമം; തടഞ്ഞ് ഗവർണർ*
തിരുവനന്തപുരം: ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ബിഎഫ്എ) പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ പ്രവര്ത്തകന് എംഎഫ്എയ്ക്ക് പ്രവേശനം നല്കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ തീരുമാനം തടഞ്ഞ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍.
ഇക്കാര്യത്തില്‍ വൈസ് ചാന്‍സലറും പരീക്ഷാ കണ്ട്രോളറും വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകള്‍ ഹാജരാക്കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.
നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 20 വര്‍ഷം മുന്‍പ് പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവര്ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എയ്ക്ക് പ്രവേശനം നല്‍കിയിരുന്നു. 2023ല് എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.
ബിഎഫ്എ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കാതെയാണ് എംഎഫ്എയ്ക്ക് കലേഷിന് പ്രവേശനം നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ സര്‍വകലാശാല പരീക്ഷാ വിഭാഗം കലേഷിന്റെ എംഎഫ്എ പരീക്ഷാ ഫലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്ന് തോറ്റ വിദ്യാര്‍ഥിയെ ബിഎഫ്എ പരീക്ഷ ജയിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
*🟨മൂന്നാം പിണറായി സര്‍ക്കാരിനെ കമ്യൂണിസ്റ്റുകാര്‍പോലും ആഗ്രഹിക്കുന്നില്ല: കെ.സി. വേണുഗോപാല്‍*
കുമ്പള (കാസര്‍ഗോഡ്): മൂന്നാം പിണറായി സര്‍ക്കാരിനെ യുഡിഎഫുകാര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാർപോലും ആഗ്രഹിക്കുന്നില്ലെന്ന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍ഗോഡ് കുമ്പളയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം.
ശബരിമല സ്വര്‍ണക്കൊള്ള മാത്രമാണ് അത്തരത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏക സംഭവം.ഭരണപരാജയം നുണപ്രചരണം കൊണ്ട് നേരിടാനാണ് സിപിഎം ശ്രമം. ശരത്ലാലിന്റെയും കൃപേഷിന്റെയും ടി.പി. ചന്ദ്രശേഖരന്‍റെയും ജീവനെടുത്ത ഉന്മൂലന രാഷ്ട്രീയം കൈവിടാന്‍ തയാറല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
*🟨എസ്ഐആർ ഹിയറിംഗിൽ 25,000ത്തോളം പേർ പുറത്ത്*
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി (എസ്ഐആർ) നടക്കുന്ന ഹിയറിംഗിൽ 25,000 പേർ വോട്ടർ പട്ടികയ്ക്കു പുറത്തായി.
കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ, സ്ഥലംമാറിപ്പോയവർ, മരണമടഞ്ഞവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ അടക്കമുള്ളവരാണ് ഹിയിറിംഗിൽ വോട്ടർപട്ടികയിൽ നിന്നു പുറത്തായത്.
ഹിയിറിംഗിന് നോട്ടീസ് ലഭിച്ച ശേഷം വോട്ടർ പട്ടികയിൽനിന്നു പുറത്തായവരിൽ ഭൂരിഭാഗവും സ്ഥലംമാറിപ്പോയവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പറയുന്നത്.
*🟨പോറ്റിയെ കയറ്റിയത് യുഡിഎഫ്: മുഖ്യമന്ത്രി*
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദ നായകന് ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയതും അതീവ സുരക്ഷയുള്ള നമ്പര്‍ 10 ജന്‍പഥില്‍ എത്തിച്ചതും അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷം ഇതു ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ്. പോറ്റിയെ ശബരിമലയിലെത്തിച്ചതുള്പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്ന ഭയം യുഡിഎഫിനുണ്ട്. യുഡിഎഫ് ഭരണകാലത്താണ് പോറ്റി ശബരിമലയിലെത്തിയത്.
കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവ് 2004ല് ദേവസ്വംമന്ത്രിയായിരുമ്പോഴാണ് ഉണ്ണികൃഷ്ണന്‍പോറ്റി ആദ്യം ശബരിമലയില്‍ കയറി കളികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് ഇതിനൊക്കെ അവസരം ഒരുക്കിക്കൊടുത്തത്. ഇക്കാര്യങ്ങളൊക്കെ പുറത്തു വരാതിരിക്കാനാണ് നയപ്രഖ്യാപന ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശബരമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും അതിനെ പിന്തുണയ്ക്കുന്നു.
കോണ്‍ഗ്രസിന് ഹൈക്കോടതിയേക്കാള്‍ ബിജെപിയെയാണോ വിശ്വാസം എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി വിജയന് ആരോപിച്ചു.
വികസന മുന്നേറ്റ ജാഥ സ്വാഗത സംഘം ചെയര്മാന് കുര്യന് മടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി എംപി, മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കെ.കെ. ശൈലജ എംഎൽഎ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് കെ. മാണി നയിക്കുന്ന ജാഥ ഇന്ന് പത്തനംതിട്ട ജില്ലയിലെ പര്യടനത്തിനുശേഷം കോട്ടയത്തേക്കു പ്രവേശിക്കും. 14ന് എറണാകുളത്താണ് സമാപനം. കെ.കെ. ശൈലജ, പി.കെ. ബിജു , പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. അജിത്ത് , ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങള്‍.
*🟨ശബരിമല സ്വർണക്കൊള്ള; കേസ് സർക്കാർ അട്ടിമറിച്ചു: രമേശ് ചെന്നിത്തല*
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഭാഗികമായി കുറ്റപത്രം സമർപ്പിക്കാമെന്നിരിക്കേ അതും ഉണ്ടായിട്ടില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു പ്രതികൾ ജാമ്യം നേടി പുറത്തുവരുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വളരെ ആസൂത്രിതമായി വൈകിക്കുകയാണ്.
പ്രോസിക്യൂഷന്റെ അനുമതിയും സ്വർണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലവും ലഭിക്കാത്തതുക്കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് എസ്ഐടി പറയുന്നത്. എന്നാൽ, ഇതിന് രണ്ടിനും അനുമതി നൽകേണ്ടത് മുഖ്യമന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്നു കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും ഗൗരവമായ വിഷയമാണ്.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെക്കൊണ്ട് ജനങ്ങൾ മറുപടി പറയിക്കും. സംസ്ഥാനത്താകെ സിപിഎമ്മിന് മുന്നൂറിലേറെ രക്തസാക്ഷികളുണ്ട്. അവരുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഇതുവരെ മുന്നൂറ് കോടിയോളം രൂപ പിരിച്ചിട്ടുണ്ടാകും.
പയ്യന്നൂരിലെ രക്തസാക്ഷിക്കായി പാർട്ടിക്കാരിൽനിന്നു മാത്രമല്ല ഫണ്ട് പിരിച്ചത്. ജനങ്ങളിൽനിന്നുകൂടിയാണ്. അതുകൊണ്ട് ഫണ്ട് ശേഖരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണ്ടതുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, സുധാകരൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു മറുപടി. ആരൊക്കെ മത്സരിക്കണമെന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
*🟨"സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ എൻപിആർ, എൻആർസി
എന്നിവയിലേക്ക് കടക്കാനാണ് കേന്ദ്രശ്രമം*
*സെൻസസിനൊപ്പം എൻപിആർ നടപ്പാക്കില്ല ; ഉത്തരവിറക്കി സംസ്ഥാന സർക്കാർ*
തിരുവനന്തപുരം
സംസ്ഥാനത്ത് സെൻസസിന്റെ ഭാഗമായി ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രാജ്യത്ത് അടുത്ത വർഷംമുതൽ നടക്കുന്ന സെൻസസ് നടപടികൾക്കൊപ്പം എൻപിആർ കൂടി നടത്തുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് നടപടി. ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് എൻഡിഎ-ഫ് സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവച്ചതായും ഉത്തരവിലുണ്ട്. 2019-ൽ സെൻസസിനൊപ്പം എൻപിആർ നടപ്പിലാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്. കോവിഡ് കാരണം സെൻസസ് നീണ്ടു. അതാണ് അടുത്ത വർഷം നടക്കുക.
പൗരത്വ നിയമ ഭേദഗതിക്കെതിരെ(സിഎഎ) പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണ്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും കേരളമാണ്. ഈ നിലപാടിന്റെ തുടർച്ചയാണ് പുതിയ ഉത്തരവ്.
*സെൻസസിലെ രാഷ്ട്രീയലക്ഷ്യം*
സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ), ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) എന്നീ രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്ക് കടക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിന്റെ
ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. സെൻസസിനൊപ്പം എൻപിആർ കൂടി തയ്യാറാക്കിയശേഷം എൻആർസിയിലേക്ക് നീങ്ങാനാണ് പദ്ധതി. ഇതിൽ സംശയിക്കപ്പെടുന്നവരെ മതിയായ രേഖകളില്ലെന്ന് ചൂട്ടിക്കാട്ടി എൻആർസിയിൽനിന്ന് ഒഴിവാക്കും. അസമിൽ നടപ്പാക്കിയ എൻആർസി പ്രക്രിയയുടെ ഭാഗമായി 20 ലക്ഷം പേരാണ് പൗരത്വ പട്ടികയിൽനിന്ന് പുറത്തായത്."
*🟨"അഗ്‌നി– 3
മിസൈൽ
പരീക്ഷണം
വിജയം*
ബാലസോർ (ഒഡിഷ)
ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതും 3000 കിലോമീറ്റർ ദൂരപരിധിയുള്ളതുമായ അഗ്നി – 3 ബലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സാധാരണ പരീക്ഷണ അഭ്യാസത്തിന്റെ ഭാഗമായാണ് ഭൂതല – ഭൂതല മിസൈൽ പരീക്ഷിച്ചത്.
മിസൈല്‍ എല്ലാ പ്രവർത്തന, സാങ്കേതിക മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുവെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അറിയിച്ചു. കൃത്യമായ പാതയിലൂടെ സഞ്ചരിച്ച മിസൈൽ നേരത്തെ നിശ്ചയിച്ചപോലെ ബംഗാള്‍ ഉള്‍ക്കടലില്‍പതിച്ചു."
*🟨"ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ മാർച്ചിൽ നിരത്തിലേക്ക്*
ദുബായ് : നഗരഗതാഗതത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് ദുബായിൽ ഡ്രൈവറില്ലാ ടാക്സി സേവനം മാർച്ചിൽ ആരംഭിക്കുമെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അറിയിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്ന് 100 ടാക്സികളാണ് ആദ്യ ഘട്ടത്തിൽ നിരത്തിലിറക്കുന്നത്. ‘ഭാവിയിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ദുബായിക്ക് മികച്ചത് ഇനിയും വരാനുണ്ട്’ എന്ന് ശൈഖ് ഹംദാൻ പറഞ്ഞു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഡ്രൈവറില്ലാ ടാക്സി സംവിധാനം നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വേൾഡ് ഗവൺമെന്റ്സ് സമിറ്റ് 2026 നടക്കുന്ന മദീനത്ത് ജുമൈറയിലേക്കുള്ള യാത്രയിൽ ശൈഖ് ഹംദാൻ തന്നെ ഡ്രൈവറില്ലാ വാഹനത്തിൽ യാത്ര ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ബൈഡുവിന്റെ ‘അപ്പോളോ ഗോ’യുടെ വാഹനത്തിലാണ് അദ്ദേഹം സഞ്ചരിച്ചത്. ‘ഹാൻഡ്സ് ഓഫ് ഫ്യൂച്ചർ ഓൺ’ എന്ന കുറിപ്പോടെ യാത്രയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
ദുബായിലെ ഗതാഗതം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും ഉൾക്കൊള്ളുന്നതുമായതാക്കുകയാണ് ലക്ഷ്യമെന്ന്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ പറഞ്ഞു. ദീർഘകാല സുസ്ഥിര ഗതാഗത ദർശനം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പോണി എ ഐ, ഉബർ, ബൈഡുവിന്റെ അപ്പോളോ ഗോ എന്നീ മൂന്ന് കമ്പനികളാണ് ആർടിഎയുമായി സഹകരിച്ച് ഡ്രൈവറില്ലാ ടാക്സി സേവനം നടത്തുന്നത്. ചൈനയ്ക്ക് പുറത്ത് അപ്പോളോ ഗോയുടെ ആദ്യ പ്രവർത്തനമാണിത്. അടുത്ത വർഷങ്ങളിൽ ആയിരത്തിലധികം വാഹനങ്ങളിലേക്ക് സേവനം വിപുലീകരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം."
*🟨പാകിസ്ഥാനിൽ വൻ സ്ഫോടനം; 69 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്*
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ വൻ ചാവേർ സ്ഫോടനം. 69 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷെഹ്‌സാദ് ടൗൺ മേഖലയിലുള്ള തർലായ് ഇമാംബർഗ എന്ന ആരാധനാലയത്തിലായിരുന്നു സ്ഫോടനം. വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കർബല ദുരന്തത്തിന്റെ സ്മരണയ്ക്കായി ഷിയാ മുസ്‌ലിങ്ങൾ ഒത്തുകൂടുകയും ചടങ്ങുകൾ നടത്തുകയും ചെയ്യുന്ന സ്ഥലമാണ് ഇമാംബർഗ അല്ലെങ്കിൽ ഇമാംബാദ എന്നറിയപ്പെടുന്ന ആരാധനാലയം.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഫോറൻസിക്, മെഡിക്കൽ സംഘങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ കാണാം."
"സംഭവത്തെത്തുടർന്ന് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പിംസിലേക്കും പോളിക്ലിനിക്കിലേക്കും മാറ്റി.
ഉസ്ബെകിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ചാവേർ ആക്രമണം ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുമായി പാകിസ്ഥാൻ സുരക്ഷാ സേന ഏറ്റുമുട്ടുകയും ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ ഇസ്ലാമാബാദിലുണ്ടാകുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. നവംബറിൽ ഇസ്ലാമാബാദ് കോടതി സമുച്ചയത്തിലുണ്ടായ കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതും ചാവേർ ആക്രമണമായാണ് കണക്കാക്കിയത്."
*🟨ഒബാമയെയും ഭാര്യയെയും അധിക്ഷേപിച്ച് ട്രംപ്; കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചു*
വാഷിങ്ടൺ ഡി സി: മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങളുള്ളത്. 2020ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്.
വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച തരത്തിലുള്ളത്. നിരവധി പേർ ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ബരാക് ഒബാമയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടുത്ത സഹായിയുമായ ബെൻ റോഡ്‌സും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ചരിത്രത്തിലെ ഒരു "കറ"യായി അറിയപ്പെടുമെന്നും അദ്ദേഹത്തിന്റെ അനുയായികൾ വംശീയവാദികളാണെന്നും റോഡ്‌സ് ആരോപിച്ചു.
മുമ്പും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ലോകനേതാക്കളെ ട്രംപ് പരിഹസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബരാക് ഒബാമ ഓവൽ ഓഫീസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതും ഓറഞ്ച് ജയിൽ വസ്ത്രം ധരിച്ച് അഴികൾക്കുള്ളിൽ നിൽക്കുന്നതുമായ എഐ വീഡിയോ ട്രംപ് പങ്കുവെച്ചിരുന്നു. പിന്നീട്, കറുത്തവർഗ്ഗക്കാരനായ ഡെമോക്രാറ്റിക് നേതാവ് ഹക്കിം ജെഫ്രീസിനെ മെക്സിക്കൻ തൊപ്പി ധരിപ്പിച്ചുകൊണ്ടുള്ള എഐ ക്ലിപ്പും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു
അമേരിക്കൻ ചരിത്രത്തിലെ ഏക കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റാണ് ബരാക് ഒബാമ. 2024ലെ തെരഞ്ഞെടുപ്പിൽ
ട്രംപിന്റെ എതിരാളിയായിരുന്ന കമല ഹാരിസിനെ ഒബാമ ശക്തമായി പിന്തുണച്ചിരുന്നു.
ശുഭദിനം.