Trending

പ്രഭാത വാർത്തകൾ* 2025 ഒക്ടോബർ 27 തിങ്കൾ 1201 തുലാം 10 മൂലം 1447 ജ : അവ്വൽ 5

◾ അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കരുതെന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത്. നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ ക്ഷണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശാ പ്രവര്‍ത്തകരുടെ കത്ത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതില്‍ തര്‍ക്കമില്ലെന്നും അതുകൊണ്ട് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ആശാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരകരോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തില്‍ പറയുന്നു.

◾ കോട്ടയം കുറവിലങ്ങാട് എം.സി. റോഡില്‍ ചീങ്കല്ലയില്‍ പള്ളിക്ക് എതിര്‍വശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. 49 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍18 പേരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് വെളുപ്പിന്രണ്ട് മണിയോടെ ആയിരുന്നു അപകടം. കണ്ണൂര്‍ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡില്‍ മറിയുകയായിരുന്നു.

◾ സംസ്ഥാനത്തെ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം നേടിയവരില്‍ വീടില്ലാത്തവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പല കായിക താരങ്ങള്‍ക്കും വീടില്ലാത്ത അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. രണ്ടാമത് സ്‌കൂള്‍ ഒളിമ്പിക്സിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും, 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് തീരുമാനമെന്നും നിലവില്‍ ഇതിനുള്ള സ്പോണ്‍സര്‍മാരായി എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയെ അനുനയിപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിവാദ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ച ആകാമെന്ന നിലപാട് മുന്നോട്ട് വെയ്ക്കും. വ്യവസ്ഥകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ സിപിഐ മന്ത്രിമാരെ വെയ്ക്കാമെന്നും നിര്‍ദേശിക്കും. അതേസമയം, കരാറില്‍ ഒപ്പിട്ടതിനാല്‍ തന്നെ ഈ മൂന്നു നിര്‍ദേശങ്ങള്‍ക്കും സാധുതയില്ല. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പേരിനൊരു നിര്‍ദേശമാണിതെന്നതാണ് വിലയിരുത്തല്‍.

◾ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു. ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എംഎ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ബേബി നന്നായി ഇടപെടാന്‍ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

◾ കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്നും എന്‍ഇപിയില്‍ ഇത് പറയുന്നുണ്ടെന്നും ഏത് നിമിഷവും വേണമെങ്കില്‍ പിന്‍മാറാം എന്ന് എംഒയുവില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

◾ പിഎം ശ്രീ പദ്ധതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നിസഹായ അവസ്ഥയിലാണെന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വം സിപിഐയെ പ്രതിഷേധം അറിയിച്ചു. വളരെ നിസ്സഹായനാണെന്നും കുറച്ച് ശക്തി പ്രകാശ് ബാബുവില്‍ വാങ്ങാമെന്ന് കരുതുന്നുവെന്നും മറുപടി നല്‍കിയ എം.എ. ബേബി, കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് ആരും ഇപ്പോള്‍ തീരുമാനിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
◾ കേരളം 2024 മാര്‍ച്ചില്‍ തന്നെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പിഎം ശ്രീയില്‍ ചേര്‍ന്നതുകൊണ്ട് എന്‍ഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണ്. അതിനാല്‍ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

◾ പിഎം ശ്രീ വിവാദത്തില്‍ സിപിഐയെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ് ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചാല്‍ സിപിഐയുടെ പ്രശ്നമെല്ലാം അവിടെത്തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രവുമായി ചര്‍ച്ചചെയ്ത് പലതും നേടിയെടുക്കുമ്പോള്‍ അന്തര്‍ധാര എന്നല്ല പ്രായോഗിക ബുദ്ധി എന്ന് വേണം പറയേണ്ടതെന്നും പ്രായോഗിക ബുദ്ധി ഉപയോഗിച്ച് സര്‍ക്കാര്‍ പണം വാങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.

◾ പിഎം ശ്രീയില്‍ പരസ്യ വിമര്‍ശനവുമായി മന്ത്രി പി പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാര്‍ അജണ്ട പടര്‍ന്നു കയറുന്നുവെന്നും അജണ്ടകളോട് പൊരുത്തപ്പെടാനാകില്ലെന്നും വിദ്യാഭ്യാസ മേഖലയിലും ഇതു തന്നെയാണ് സ്ഥിതിയെന്നും പി.പ്രസാദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം തലമുറകളെ ലക്ഷ്യം വച്ചുള്ളതാണെന്നും നരേന്ദ്രമോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണെന്നും രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേര്‍ന്നതാണ് മോദിയും അമിത് ഷായും എന്നും പി പ്രസാദ് പറഞ്ഞു.

◾ മുഖ്യശത്രുവിനെതിരായ പോരാട്ടത്തില്‍ ചാഞ്ചല്യമോ കോംപ്രമൈസോ പാടില്ലെന്ന് പിഎം ശ്രീ വിഷയത്തില്‍ സിപിഐ നേതാവ് വി എസ്. സുനില്‍കുമാര്‍. നിലപാടില്‍ വെള്ളം ചേര്‍ത്താല്‍ അത് ഇടതുപക്ഷത്തെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുമെന്നും പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. വിഷയം മുന്നണി പ്രശ്നമോ ചര്‍ച്ച നടക്കാത്തതോ അല്ലെന്നും മറിച്ച് അതൊരു രാഷ്ട്രീയപ്രശ്നമാണെന്നും ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളുമായി സന്ധി ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ഇടുക്കി അടിമാലിക്ക് സമീപം കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചതിനു ശേഷം മരിച്ച ബിജുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൂന്നു മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജന്‍ ശ്യാം തീ കൊളുത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്.

◾ അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍മാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകളും പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് ചെയര്‍മാന്‍ മന്ത്രിയെ അറിയിച്ചു.

◾ അടിമാലി കൂമ്പന്‍പാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിനോടൊപ്പം പരിക്കേറ്റ ഭാര്യ സന്ധ്യ ചികിത്സയില്‍ തുടരുന്നു. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഇടതുകാല്‍ മുറിച്ചു മാറ്റാതിരിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ട്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഭര്‍ത്താവ് ബിജു മരിച്ച കാര്യം സന്ധ്യയെ അറിയിച്ചിട്ടില്ല.

◾ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് അവധി. അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ആണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

◾ അടിമാലിയിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച് 85 ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീം രൂപികരിച്ചു. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.  

◾ ഇടുക്കി അടിമാലി കൂമ്പന്‍പാറയില്‍ ഒഴിവായത് വന്‍ ദുരന്തം. ലക്ഷംവീട് ഉന്നതിയിലെ വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടാവസ്ഥ മുന്‍നിര്‍ത്തി 22 കുടുംബങ്ങളെ ശനിയാഴ്ച്ച രാവിലെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയദുരന്തം ഒഴിവായത്. ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

◾ 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. കണ്ണൂരിലേക്കുള്ള കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസറ്റ് ബസിന്റെ ഫ്ലാഗ് ഓഫ് ഹൊസുരിലെ മലയാളികളുടെ സംഘടനയായ കൈരളി സമാജം പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എ.എ. റഹീം എംപിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഹൊസൂരില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമായത്.

◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോര്‍ഡും മന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോറ്റി കുടുങ്ങിയാല്‍ ഇവരെല്ലാവരും കുടുങ്ങുമെന്നതിനാല്‍ പോറ്റിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി ഇടപെട്ടില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

◾ ജി സുധാകരനെ അവഗണിച്ച് സിപിഎം. സിപിഎം തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി ഇറക്കിയ പാലം ഉദ്ഘാടന നോട്ടീസില്‍ നിന്ന് ജി സുധാകരനെ ഒഴിവാക്കി. നേരത്തെ പിഡബ്ല്യൂഡി ഇറക്കിയ നോട്ടീസില്‍ ഉള്‍പ്പടെ ജി സുധാകരന്റെ പേരും ചിത്രവും ഉണ്ടായിരുന്നു. പങ്കെടുക്കുന്നവരുടെ ലിസ്റ്റിലായിരുന്നു ജി സുധാകരന്റെ പേരുണ്ടായിരുന്നത്. മുഖ്യമന്ത്രിയാണ് ഇന്ന് പാലം ഉദ്ഘാടനം ചെയ്യുന്നത്. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്.  

◾ കമ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ലയാണ് ആലപ്പുഴയെന്നും ഇല്ലായ്മയില്‍ കിടക്കുന്ന ഈജില്ലയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കണമെന്ന കാര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരില്‍ ലോക്‌സഭാ ജനപ്രതിനിധിയായി നടത്തുന്ന എസ്ജി കോഫി ടൈംസിന്റെ തൃശ്ശൂര്‍ നഗരത്തിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

◾ ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരനെ വീട്ടില്‍ എത്തി ക്ഷണിച്ച് എച്ച് സലാം എംഎല്‍എ. എച്ച് സലാം എത്തിയപ്പോള്‍ ജി സുധാകരന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടില്‍ എല്പിച്ച് മടങ്ങുകയായിരുന്നു. സി.പി.എം തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി പുറത്തിറക്കിയ പാലം ഉദ്ഘാടനനോട്ടീസില്‍ ജി. സുധാകരന്റെ പേര് ഒഴിവാക്കിയത് വിവാദമായ സാഹചര്യത്തിലാണിത്.

◾ സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഫണ്ട് പിരിവ് ചിലര്‍ തടയുന്നെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഫണ്ട് പിരിക്കുന്നത് തന്റെ ആവശ്യത്തിന് വേണ്ടി അല്ലെന്നും സമസ്തയുടെ പ്രവര്‍ത്തനത്തിന് വേണ്ടി ആണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നവരെ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

◾ കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സല്‍മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. കൂടാതെ വണ്ടി പൂട്ടുമത്സരം അംഗീകാരത്തിനുള്ള ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി മലപ്പുറത്ത് പറഞ്ഞു.

◾ മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ പരിപാടിയുടെ സ്പോണ്‍സര്‍ ആകാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മെസ്സി കേരളത്തില്‍ എത്തുന്ന കാര്യം സംബന്ധിച്ച് കായിക മന്ത്രി വ്യക്തത വരുത്തണമെന്നും പി കെ ഫിറോസ് പറഞ്ഞു. കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് മന്ത്രിയാണെന്നും ആരെങ്കിലും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല മെസ്സിയെ കൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞതെന്നും ഫിറോസ് പറഞ്ഞു.

◾ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പെന്ന് പരാതി. പ്രായം കൂടിയ മറുനാടന്‍ താരത്തെ മീറ്റില്‍ മത്സരിപ്പിച്ചെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. അണ്ടര്‍ 19 വിഭാഗത്തില്‍ മത്സരിപ്പിച്ച കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂള്‍ താരത്തിനു പ്രായം 21 വയസും 5 മാസവുമാണെന്നാണ് വിവരം. കൂടുതല്‍ താരങ്ങള്‍ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.

◾ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനോടൊപ്പം വേദി പങ്കിട്ടതില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ പ്രസിഡന്റ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ പ്രസിഡന്റിന്റെ നിലപാട് തള്ളി പ്രമീള ശശിധരനെ പിന്തുണച്ച് മറുവിഭാഗവും രംഗത്തെത്തി. അതേസമയം, വികസന പ്രവര്‍ത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് പ്രമീള ശശിധരന്റെ പ്രതികരണം.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധര രാജി വെക്കണമെന്ന ആവശ്യം ശക്തം. 23പേര്‍ പങ്കെടുത്ത ജില്ലാ കമ്മറ്റിയില്‍ പ്രമീള ശശിധരന്‍ രാജി വെയ്ക്കണമെന്ന് 18 പേര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ മനോവീര്യം പ്രമീള ശശിധരന്‍ തകര്‍ത്തുവെന്നും അഭിപ്രായമുണ്ട്. അതേസമയം ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളിയ പ്രമീള പാര്‍ട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

◾ രാജ്യവ്യാപകമായി നടക്കുന്ന എസ്ഐആറിന്റെ ഷെഡ്യൂള്‍ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്ന് വൈകുന്നേരം 4.15-നാണ് വാര്‍ത്താ സമ്മേളനം.

◾ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി പ്രശാന്തന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി. ദിവ്യ, എന്നിവര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചുവെന്നും മരണശേഷവും പ്രശാന്തന്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

◾ രണ്ടര മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശിയായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ അമ്മയും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ വിവരമറിയിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന കച്ചവടം പുറത്തായത്. കോട്ടയം കുമ്മനത്തെ ഒരു ലോണ്‍ട്രി ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയായ യുവാവാണ് തന്റെ കുഞ്ഞിനെ 50,000 രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അര്‍മാന്‍ എന്നയാള്‍ക്കാണ് അന്‍പതിനായിരം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ളതിനാലാണ് ആണ്‍കുട്ടിയെ വാങ്ങാന്‍ ശ്രമിച്ചതെന്നാണ് അര്‍മാന്‍ പോലീസിന് നല്‍കിയ മൊഴി. കുഞ്ഞിന്റെ അച്ഛന്‍ കൃത്യമായി ജോലിക്ക് പോകാതെ മദ്യപിച്ച് നടക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.

◾ മത്സ്യസമ്പത്തിന്റെ നാശത്തിനിടയാക്കും വിധം നിയമവിരുദ്ധമായി പെലാജിക് നെറ്റും തീവ്രവെളിച്ച സംവിധാനങ്ങളുമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടി. തമിഴ്‌നാട് തൂത്തൂര്‍ വട്ടവിളാകം സ്വദേശി ഗില്‍ബര്‍ട്ടിന്റെ 'ലൗ മേരി' എന്ന ബോട്ടും പുതിയങ്ങാടി കറുപ്പന്‍കണ്ടി സുജിത്തിന്റെ ഉടമസ്ഥതയിലുള്ള 'ശിവദം' ബോട്ടുമാണ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ ഇരുബോട്ടുകള്‍ക്കുമായി 3.40 ലക്ഷം രൂപ പിഴ ചുമത്തി.

◾ ഓപ്പറേഷന്‍ സിന്ദൂറിനെയും കേന്ദ്രസര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെയും പുകഴ്ത്തി പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഓരോ ഇന്ത്യക്കാരിലും അഭിമാനം നിറച്ചുവെന്നും ദീപാവലി ദിനങ്ങളില്‍ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിലും ദീപം തെളിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഇനം നായ്ക്കള്‍ സുരക്ഷാസേനയുടെ ഭാഗമാകുന്നതും രാജ്യത്തെ ശുചിത്വ പരിപാടികളുടെ പുരോഗതിയും പ്രധാനമന്ത്രി മന്‍ കിബാത്തില്‍ ഉയര്‍ത്തിക്കാട്ടി.

◾ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1200 സ്പെഷ്യല്‍ ട്രെയിനുകള്‍ എവിടെയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉത്സവ സീസണിലെ ട്രെയിന്‍ ക്രമീകരണങ്ങളെ വിമര്‍ശിച്ചാണ് പ്രതികരണം. ഛഠ് പൂജയ്ക്കായി ബിഹാറിലേക്ക് യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. ബിഹാറിലേക്കുള്ള ട്രെയിനുകള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു, പല ട്രെയിനുകളും അതിന്റെ ശേഷിയുടെ 200% വരെ ആളുകളെ വഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു.

◾ എഴുപത് യാത്രക്കാരുമായി ദില്ലിയില്‍ നിന്ന് ഗോണ്ടയിലേക്ക് പോയ സ്ലീപ്പര്‍ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ആഗ്ര - ലഖ്‌നൗ എക്സ്പ്രസ്വേയില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപം അശോക്‌നഗറിലാണ് സംഭവം. ടോള്‍ പ്ലാസയെത്തുന്നതിന് അര കിലോമീറ്റര്‍ മുന്‍പ് ബസ് പൊടുന്നനെ തീപിടിച്ച് കത്തിയെന്നാണ് വിവരം. എന്നാല്‍ തീ ആളിക്കത്തുന്നതിന് മുന്‍പ് യാത്രക്കാരായ 70 പേരെയും ബസില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.

◾ തലസീമിയ രോഗബാധിതരായ അഞ്ച് കുട്ടികള്‍ക്ക് രക്തം കുത്തിവച്ചതിന് പിന്നാലെ എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ ഡോക്ടറടക്കം അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലാ സിവില്‍ സര്‍ജനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയുമാണ് സസ്പെന്റ് ചെയ്തത്. ഏഴ് വയസുകാരനായ തലസീമിയ ബാധിതന്റെ കുടുംബം ആരോപണവുമായി രംഗത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരിട്ടാണ് നടപടിയെടുത്തത്.

◾ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയില്‍ നടന്ന ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ ഓണ്‍ലൈനായി സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള തീരുവ തര്‍ക്കം തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യപാര രംഗത്ത് ആസിയാനുമായുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു.

◾ ടെന്‍ഡറിന് പകരം ശമ്പളം. രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ, രണ്ട് സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യാതെ ഏകദേശം രണ്ട് വര്‍ഷത്തിനിടെ 37.54 ലക്ഷം രൂപ 'ശമ്പളമായി' കൈപ്പറ്റിയതായി കണ്ടെത്തല്‍. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ പാസാക്കി നല്‍കിയതിന് പകരമായിട്ടാണ് ഐടി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ തന്റെ ഭാര്യക്ക് ഈ തുക കൈപ്പറ്റാന്‍ വഴിയൊരുക്കിയത്. ഐടി വകുപ്പിന് കീഴിലുള്ള രാജ്‌കോംപ് ഇന്‍ഫോ സര്‍വീസസിലെ ജോയിന്റ് ഡയറക്ടറായ പ്രദ്യുമാന്‍ ദീക്ഷിത്താണ് തന്റെ ഭാര്യ പൂനം ദീക്ഷിത് വഴി നിയമവിരുദ്ധമായി പണം കൈപ്പറ്റിയത്.

◾ ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ഡിവിഷന്‍ സെക്രട്ടറി മുകേഷ് അടക്കം 21 പേര്‍ ആയുധം വച്ച് കീഴടങ്ങി. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലാണ് 21 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18 ആയുധങ്ങളും ഇവര്‍ പൊലീസിന് നല്‍കി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.

◾ ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളില്‍ രേഖപ്പെടുത്തി. 323 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇന്ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് ആന്റി സ്മോഗ് ഗണ്ണുകളും വാട്ടര്‍ സ്പ്രിംഗ്ലറുകളും ദില്ലിയിലെ പൊതുയിടങ്ങളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചു.

◾ കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ് ഇന്ന് നേരില്‍ കാണും. കരൂരില്‍ നിന്നും ടി.വി.കെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിച്ചിരിക്കുന്നത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ക്കായി 50 മുറികള്‍ ഒരുക്കിയിട്ടുള്ളത്.കൂടിക്കാഴ്ച അടച്ചിട്ട മുറികളില്‍ വെച്ച് നടത്താനാണ് തീരുമാനം.

◾ മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റി മൂന്ന് വര്‍ഷത്തിന് ശേഷം, ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെയും പേര് ഔദ്യോഗികമായി മാറ്റി ഇന്ത്യന്‍ റെയില്‍വെ. 'ഛത്രപതി സംഭാജിനഗര്‍ റെയില്‍വേ സ്റ്റേഷന്‍' എന്ന് ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പുതിയ പേര് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

◾ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയ ബീഹാറിലെ ജാമുയി ജില്ലയില്‍ പര്യവേക്ഷണത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയുടെ ആകെ സ്വര്‍ണ്ണ ശേഖരത്തിന്റെ 44 ശതമാനവും ജാമുയിയിലാണുള്ളതെന്നാണ് കണ്ടെത്തല്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2022-ലെ പഠനം അനുസരിച്ച്, ജാമുയി ജില്ലയില്‍ 222.88 ദശലക്ഷം ടണ്‍ സ്വര്‍ണ്ണ അയിര് ശേഖരം ഉണ്ടെന്നാണ് കണക്ക്.

◾ ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് കുര്‍ണൂലില്‍ അഗ്നിക്കിരയായി 20 പേര്‍ മരിച്ച സംഭവത്തില്‍ പ്രദേശവാസികളായ 2 യുവാക്കളാണ് അപകടത്തിന് കാരണക്കാരെന്ന് പൊലീസ് വ്യക്തമാക്കി. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ അപകടമാണ് 20 പേരുടെ ജീവനെടുത്തത്. ശിവശങ്കര്‍, എറി സ്വാമി എന്നിവര്‍ മദ്യപിച്ച് ബൈക്ക് ഓടിച്ച് അപകടമുണ്ടായ ശേഷം റോഡില്‍ കിടന്ന ഈ ബൈക്കിന് മുകളിലൂടെ ബസ് കയറിയപ്പോള്‍ ഇന്ധന ടാങ്കില്‍ തട്ടിയാണ് പൊട്ടിത്തെറിയുണ്ടായത്.

◾ അഞ്ച് വര്‍ഷത്തത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഞായറാഴ്ച പുനരാരംഭിച്ചു. കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഇന്നലെ രാത്രി 10.07ന്നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ചു. ഷാങ്ഹായില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ നവംബര്‍ ഒമ്പതുമുതല്‍ പുനരാരംഭിക്കും.

◾ ലോകത്തിലെ ആദ്യത്തെ എ ഐ മന്ത്രിയായ അല്‍ബേനിയയുടെ 'ഡീല്ല' (Diella) ഗര്‍ഭിണിയാണെന്ന് പ്രധാനമന്ത്രി എഡി രാമ പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഓരോ പാര്‍ലമെന്റ് അംഗത്തിനും വേണ്ടി ഓരോ എ ഐ സഹായികളെ, അഥവാ ഡീല്ലയുടെ 83 'കുട്ടികളെ' സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ സംസാരിക്കവെയാണ് രാമ ഈ പ്രഖ്യാപനം നടത്തിയത്.

◾ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്‍മാറിയേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്

Post a Comment

Previous Post Next Post