Trending

പ്രഭാത വാർത്തകൾ* 2025 ഒക്ടോബർ 17 വെള്ളി 1201 കന്നി 31 മകം 1447 റ ആഖിർ 24

◾ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എസ്പി പി.ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. നിര്‍ണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

◾ ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വര്‍ണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിന്റെ കാലത്താണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണെന്ന് എന്‍ വാസു പ്രതികരിച്ചു.

◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തതില്‍ ആരോപണവുമായി അഭിഭാഷകന്‍ രംഗത്ത്. നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായിട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തതെന്ന് പോറ്റിയുടെ അഭിഭാഷകന്‍ അഡ്വ. ശാസ്തമംഗലം അജിത്ത് പറഞ്ഞു.

◾ ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറി. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡില്‍ ഇരുന്ന് സമരക്കാര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
◾ ശബരിമല വിഷയത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൈതാലി കൈപ്പാടിയാണ് പരാതി നല്‍കിയത്. പ്രസിഡന്റായ ശേഷം പ്രശാന്ത് ആഡംബര വീടും സ്ഥലവും സ്വന്തമാക്കിയതില്‍ അഴിമതിയുണ്ടെന്നാണ് പരാതി.

◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി.

◾ രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹന്‍ ഉണ്ണിത്താന്‍, വികെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യരടക്കമുള്ള 58പേരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായും നിയമിച്ചു.വിഎ നാരായണനാണ് കെപിസിസി ട്രഷറര്‍.
◾ കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയില്‍ പ്രതിഷേധം പരസ്യമാക്കി വനിതാ നേതാവായ ഡോക്ടര്‍ ഷമ മുഹമ്മദ് രംഗത്തെത്തി. കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.

◾ കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. 19 ഓടെ അറബിക്കടലില്‍ കേരള തീരത്തോടു ചേര്‍ന്ന് ന്യൂനമര്‍ദവും രൂപപ്പെടും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച മഞ്ഞ മുന്നറിയിപ്പുണ്ട്.

◾ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള കെഎസ്ആര്‍ടിസി ഡബിള്‍ഡക്കര്‍ ബസ് ട്രയല്‍ റണ്‍ നടത്തി. രാവിലെ തൃശൂര്‍ രാമനിലയില്‍ നിന്നും ആണ് പുത്തൂരിലേക്കുള്ള ബസ് ട്രയല്‍ നടത്തിയത്. മന്ത്രിമാരായ കെ ബി ഗണേഷ് കുമാര്‍ , കെ രാജന്‍ എന്നിവരും ജനപ്രതിനിധികളും ആദ്യ യാത്രയില്‍ പങ്കാളികളായി. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസിന്റെ ട്രയല്‍ റണ്‍ ആണ് ഇന്നലെ പൂര്‍ത്തിയാക്കിയത്.

◾ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ നേതാക്കള്‍ ക്ഷണിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദന്‍ സ്മാരക കേരള പുരസ്‌കാരം വിതരണ ചടങ്ങിലേക്കാണ് ക്ഷണം.
◾ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്ക് കേസെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം. എന്നാല്‍ പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. സംഭവത്തില്‍ പൊന്‍കുന്നം പൊലീസിന് തമ്പാനൂര്‍ പൊലീസ് റിപ്പോര്‍ട്ട് കൈമാറും. കോട്ടയം സ്വദേശിയായ അനന്തു സജിയെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

◾ അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര ഗൗരവതരമായ വിഷയത്തില്‍ പ്രതികരിക്കാന്‍ ആര്‍എസ്എസ് സംസ്ഥാന - ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരുമെന്നും ക്രിമിനലുകളെ വളര്‍ത്തുന്ന ഇടമാണ് ശാഖകള്‍ എന്നും വി കെ സനോജ് പറഞ്ഞു.

◾ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകള്‍ ഒക്ടോബര്‍ 21-ന് പുനരാരംഭിക്കും. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു സര്‍വകലാശാല. നിലവില്‍ ഹോസ്റ്റലുകള്‍ 20 ന് തുറക്കുമെന്നും ക്ലാസുകള്‍ 21 ന് പുരനരാരംഭിക്കുമെന്നുമാണ് വൈസ് ചാന്‍സിലര്‍ അറിയിച്ചിട്ടുള്ളത്.

◾ പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാര്‍ക്കെതിരെ അന്വേഷണ വിധേയമായി നടപടികള്‍ കൈക്കൊള്ളുവാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.



◾ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഇടപ്പള്ളി സോണല്‍ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചന്‍, ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഒരാളില്‍ നിന്ന് 5000 രൂപയും മറ്റൊരാളില്‍ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഉമര്‍ ഫാറൂഖ് നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയ വിജിലന്‍സ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

◾ അവധി ദിവസങ്ങളില്‍ ഹാന്‍ ടെക്സ്, ഹാന്‍വീവ് സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനെതിരെ മന്ത്രി പി രാജീവ്. അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് കരുതി അവധി എടുത്താല്‍ വില്‍പനശാലകള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന കൈത്തറി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഓഫീസ് ഉപരോധിച്ചു. ദുരിത ബാധിതരുടെ ലിസ്റ്റില്‍ നിന്നും കാരണം പറയാതെ ഒഴിവാക്കിയ 1031 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഒരു വര്‍ഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാന്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. മൂന്ന് പതിറ്റാണ്ടില്‍ അധികമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ സഹനവും സമരവും ഇപ്പോഴും തുടരുകയാണ്.

◾ സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചു. സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ പ്രകീര്‍ത്തിച്ചതില്‍ വിശദീകരണവുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. സൂര്യ ഫെസ്റ്റിവലില്‍ അവതാരകന്റെ ചോദ്യത്തിനായിരുന്നു ദിവ്യയുടെ മറുപടി. ഒപ്പം ജോലി ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരുനല്ല കാര്യം പറഞ്ഞതിന് ഒരുപക്ഷേ ഇത്രയധികം അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് പണ്ട് സോക്രട്ടീസിന്റെ കാലഘട്ടത്തിലൊക്കെ ഉണ്ടായിരുന്നുവെന്നും അതിന് ശേഷം ഇപ്പോഴാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ദിവ്യ പറഞ്ഞു.

◾ താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്ലുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് അച്ഛന്‍ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസില്‍ സനൂപ് ജയിലില്‍ തുടരുന്നതിനിടെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

◾ ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. ആനയുടെ മുന്‍കാലുകളില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വന വകുപ്പ് കേസ് എടുത്തത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ. മനോജ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഗോകുല്‍ ചരിഞ്ഞത്. ഇതിനിടെ രണ്ടാം പാപ്പാന്‍ ഗോകുലിന്റെ നേതൃത്വത്തില്‍ അഞ്ചു പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് രണ്ടാം പാപ്പാന്‍ ഗോകുലിനെയും മൂന്നാം പാപ്പാന്‍ സത്യനെയും ദേവസ്വം സസ്പെന്‍ഡ് ചെയ്തിരുന്നു.

◾ തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പില്‍ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. കന്റോണ്‍മെന്റ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്.

◾ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. എട്ടു വര്‍ഷത്തിനു ശേഷം ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാന്‍ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.

◾ ആന്ധ്രാപ്രദേശില്‍ വന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഹാര്‍ബര്‍ പാര്‍ക്കില്‍ 13.5 ലക്ഷം ചതുരശ്ര അടിയിലുള്ള 1,222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് ലുലുവിന്റെ പദ്ധതിക്ക് ആന്ധ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

◾ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി യൂട്യൂബര്‍ ധ്രുവ് റാഠി. ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നാണ് ഷാരൂഖിന്റെ മൊത്തം ആസ്തി ചൂണ്ടിക്കാട്ടി ധ്രുവ് ചോദിക്കുന്നത്. ഷാരൂഖ് ഖാന്റെ ആകെ സമ്പത്ത് 12,400 കോടി രൂപയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ധ്രുവ് പറയുന്നു. 'എന്റെ ചോദ്യമിതാണ്, ഷാരൂഖ് ഖാന് ഇത്രയും കാശ് പോരേ? പിന്നെ എന്തിനാണ് പാന്‍ മസാല പോലെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ധ്രുവ് ചോദിക്കുന്നു.

◾ ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കൊലപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

◾ ബെംഗളൂരുവിലെ യുവ ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തിയ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റായ ഭര്‍ത്താവ് അറസ്റ്റില്‍. അനസ്തേഷ്യ മരുന്ന് ആരുമറിയാതെ പല തവണ കുത്തി വച്ചാണ് ഡോ. കൃതികയെ ഭര്‍ത്താവ് ഡോ. മഹേന്ദ്രറെഡ്ഡി കൊലപ്പെടുത്തിയത്. കൃതികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കാനും ഡോക്ടര്‍ മഹേന്ദ്ര റെഡ്ഡി ശ്രമിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വന്തമായി ആശുപത്രി തുടങ്ങാന്‍ ഭാര്യവീട്ടുകാരോട് മഹേന്ദ്ര സഹായം തേടിയിരുന്നു. ഇത് നടക്കാതെ വന്നതിലുള്ള വൈരാഗ്യമോ പരസ്ത്രീ ബന്ധമോ ആകാം കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ്. 2024ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

◾ ബിഹാര്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റും എന്നതില്‍ സംശയമില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലെ മാറ്റങ്ങളില്‍ കമ്മീഷന്‍ വിശദീകരണം എഴുതി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയമ പ്രശ്നങ്ങളില്‍ നവംബര്‍ 4ന് വാദം കേള്‍ക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

◾ പൊതുസ്ഥലങ്ങളിലെ സ്വകാര്യ- സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കളിസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും നടക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ പൊതുസ്ഥലങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

◾ ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സര്‍ക്കാരിലെ 16 മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരും. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം 16 മന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

◾ ഗൂഗിളിന്റെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ തങ്കമണി നിയമസഭയില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തമിഴനാണെങ്കിലും, ഗൂഗിള്‍ പോയത് ആന്ധ്രാപ്രദേശിലേക്കാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫോക്‌സ്‌കോണിന്റെ 15,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്നുണ്ടെന്നും ഇത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തമിഴ്‌നാട് മന്ത്രി ടിആര്‍ബി രാജ മറുപടി നല്‍കി.

◾ അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബര്‍വാള്‍ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഒരു സമിതിയെ രൂപീകരിച്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കണമെന്നാണ് ആവശ്യം. ഹര്‍ജി ദീപാവലി അവധിക്കുശേഷം കോടതി പരിഗണിക്കും.

◾ കര്‍ണാടകയില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുധ മൂര്‍ത്തി വ്യക്തമാക്കി. ഇന്‍ഫോസിസ് സ്ഥാപകനും ഭര്‍ത്താവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും സര്‍വേയില്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. തങ്ങള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരല്ലെന്നും അതിനാല്‍ സര്‍വേയില്‍ പങ്കെടുത്തുകൊണ്ട് സര്‍ക്കാരിന് തങ്ങളുടെ കേസില്‍ പ്രത്യേക പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചത്.

◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ എണ്ണയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും ഡോണാള്‍ഡ് ട്രംപും തമ്മില്‍ കഴിഞ്ഞ ദിവസം സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ചുകൊണ്ട് വിദേശകാര്യമന്ത്രാലയം ഇന്നലെ രാവിലെ പത്രക്കുറിപ്പ് ഇറക്കി. ഇതിന് പിന്നാലെയാണ് വാര്‍ത്താ സമ്മേളനത്തിലും വിദേശകാര്യമന്ത്രാലയം ഇക്കാര്യം ആവര്‍ത്തിച്ചത്.

◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയായി റഷ്യയും രംഗത്ത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കവേ, എണ്ണ ഇറക്കുമതി സംബന്ധിച്ച ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ അനുസരിച്ചാണെന്ന് റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

◾ അഫ്ഗാനിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്താന്റെ നിലപാടിനെതിരേ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

◾ സിറിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എണ്ണപാടത്ത് നിന്ന് ഷിഫ്റ്റ് കഴിഞ്ഞ മടങ്ങിയ ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ദേശീയ പാതയിലുടെ പോവുകയായിരുന്നു ബസിലാണ് സ്ഫോടനമുണ്ടായത്.

◾ 2025-26 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 351.36 കോടി രൂപയുടെ റെക്കോഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം ഇത് 324.69 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.40 ശതമാനത്തില്‍ നിന്നും 2.93 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 1.31 ശതമാനത്തില്‍ നിന്നും 0.56 ശതമാനമായി. പലിശ ഇതര വരുമാനം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 515.73 കോടി രൂപയിലെത്തി. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 11 ശതമാനം വളര്‍ച്ചയോടെ 1,12,625 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 9 ശതമാനം വര്‍ധിച്ച് 33,195 കോടി രൂപയിലെത്തി. കാസ നിക്ഷേപം 10 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. മൊത്ത വായ്പാ വിതരണം 9 ശതമാനം വളര്‍ച്ച കൈവരിച്ച് 84,714 കോടി രൂപയില്‍ നിന്നും 92,286 കോടി രൂപയായി. ബിസിനസ് വായ്പകള്‍ 4 ശതമാനം വളര്‍ച്ചയോടെ 13,424 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 16,609 കോടി രൂപയില്‍ നിന്ന് 18,845 കോടി രൂപയായി. 13 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഭവനവായ്പ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 8,849 കോടി രൂപയിലെത്തി. വാഹന വായ്പ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,288 കോടി രൂപയിലെത്തി.

◾ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് 'ഡീയസ് ഈറേ'. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാകും സിനിമയെന്നാണ് നേരത്തെ പുറത്തുവന്ന പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമായത്. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ഡീയസ് ഈറേയുടെ സെന്‍സര്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 'എ' സര്‍ട്ടിഫിക്കറ്റ് ആണ് ഡീയസ് ഈറേയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഓക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തും. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെയാണ് ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

◾ സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുര്‍ഗ തേജിന്റെ ജന്മദിനം പ്രമാണിച്ചാണ് ' അസുര ആഗമന' എന്ന ടൈറ്റിലോടെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'വിരൂപാക്ഷ', 'ബ്രോ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റില്‍ ആണ് ഈ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പന്‍ പീരിയഡ്-ആക്ഷന്‍ ഡ്രാമയിലെ നായിക. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ വമ്പിച്ച പാന്‍-ഇന്ത്യ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. ജഗപതി ബാബു, സായ് കുമാര്‍, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

◾ മാരുതി സുസുക്കിയുടെ ഇടത്തരം എസ്യുവിയായ ഇ-വിറ്റാര ഉടന്‍ പുറത്തിറങ്ങും. ഇ-വിറ്റാരയുടെ കയറ്റുമതി ആരംഭിച്ച കമ്പനി ഇപ്പോള്‍ ഇ വിറ്റാരയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2025 ഡിസംബറില്‍ ഇലക്ട്രിക് എസ്യുവി വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ മാരുതി ഇലക്ട്രിക് എസ്യുവി ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകും, കൂടാതെ നെക്‌സ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വഴിയും വില്‍ക്കും. ബിവൈഡിയില്‍ നിന്ന് ലഭിക്കുന്ന എല്‍ഇഎഫ്പി (ലിഥിയം അയണ്‍-ഫോസ്ഫേറ്റ്) 'ബ്ലേഡ്' സെല്ലുകള്‍ ഉപയോഗിച്ച് 49 കിലോവാട്ട്അവര്‍, 61 കിലോവാട്ട്അവര്‍ എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഇ-വിറ്റാര വാഗ്ദാനം ചെയ്യുന്നതെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു. ചെറിയ ബാറ്ററി 142 ബിഎച്പി കരുത്തുള്ള ഫ്രണ്ട്-ആക്‌സില്‍ മൗണ്ടഡ് ചെയ്തതുമായി ജോടിയാക്കും. അതേസമയം വലിയ ബാറ്ററി 172 ബിഎച്പി കരുത്തുള്ള ഒരു ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കും. രണ്ട് സജ്ജീകരണങ്ങളും 192.5 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കും.

◾ യഹൂദ-ക്രൈസ്തവ-ഇസ്ലാം പുരാവൃത്തങ്ങളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഏകസത്യദൈവത്തില്‍ സ്വയം അര്‍പ്പിച്ചിട്ടുള്ള ഈ മൂന്ന് സംഹിതകളുടെയും പുരാവൃത്തങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഏകസത്യദൈവം ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചു. ലോകാവസാനനാളില്‍ മനുഷ്യവംശത്തെ വിധിക്കുകയും വിശ്വാസികളെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുകയും അവിശ്വാസികളെ നരകത്തിലേക്ക് തള്ളുകയും ചെയ്യും. ഈ കാര്യങ്ങള്‍ ദൈവം

Post a Comment

Previous Post Next Post