Trending

പ്രഭാത വാർത്തകൾ* 2025 ഒക്ടോബർ 16 വ്യാഴം 1201 കന്നി 30 ആയില്യം 1447 റ : ആഖിർ 23

◾ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുക്കാന്‍ തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ബില്‍ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെല്‍വം പ്രതികരിച്ചു.

◾ സിപിഎമ്മിന്റെ പേരാമ്പ്ര വിശദീകരണ യോഗത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം. സൂക്ഷിച്ച് നടന്നാല്‍ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോള്‍ പോയുള്ളുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്നും ഇപി ജയരാജന്‍ വിമര്‍ശിച്ചു. അഹംഭാവവും ധിക്കാരവുമൊക്കെ കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കില്‍ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മൂക്കിന് സര്‍ജറി കഴിഞ്ഞ ആള്‍ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഷാഫി അക്രമികളോടൊപ്പം ചേര്‍ന്ന് പൊലീസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയെന്നും പൊലീസിന് നേരെ അക്രമി സംഘം സ്ഫോടക വസ്തു എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്നും അതുവഴി കലാപം ഉണ്ടാക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

◾ മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തിലും പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനത്തിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിര്‍ന്ന നേതാവിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന പാര്‍ട്ടിയായി സി പി എം അധപതിച്ചെന്നാണ് സതീശന്‍ അഭിപ്രായപ്പെട്ടത്. ഞങ്ങളെല്ലാം ബഹുമാനിക്കുന്ന ആളാണ് ജി സുധാകരനെന്നും അദ്ദേഹം നീതിമാനായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വിദൂഷകരുടെ കൂട്ടത്തില്‍ ഉള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരന്‍ എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
◾ ദേശീയപാത 66 ആറ് വരിയാക്കുന്ന പ്രവര്‍ത്തികളുടെ ഭാഗമായി സംസ്ഥാനത്ത് 444 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ വാടക്കനാലിനെയും കൊമേര്‍ഷ്യല്‍ കനാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുനര്‍നിര്‍മ്മിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കാലത്തും യാഥാര്‍ഥ്യം ആകില്ല എന്ന് കരുതിയ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം ആണ് കേരളത്തിലെ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്നത്.

◾ ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേര്‍ക്ക് പലിശയടക്കം പണം തിരികെ നല്‍കാന്‍ ബത്തേരി കോടതി ഉത്തരവിട്ടു. കോടതി വ്യവഹാരത്തിന് ചെലവായ തുകയും ബ്രഹ്‌മഗിരി നിക്ഷേപകര്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കമാണ് അനുകൂല വിധി ലഭിച്ചിരിക്കുന്നത്.

◾ ആലപ്പുഴ ചേപ്പാട് ദേശീയപാത വികസനത്തിന്റെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതില്‍ സംഘര്‍ഷം. ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് പൊളിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെ പൊളിച്ചെന്നാണ് വിശ്വാസികള്‍ പറയുന്നത്. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

◾ തൃശൂര്‍ മതിലകത്ത് വിദ്യാര്‍ത്ഥി സംഘര്‍ഷം. പറിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജിന്റെ മുന്നിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കെഎസ്യു - എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പ് തര്‍ക്കത്തിന് പിന്നാലെയാണ് സംഘര്‍ഷം. ഇതിന്റെ തുടര്‍ച്ചയാണ് കോളേജിന് പുറത്തേക്ക് സംഘര്‍ഷം നീണ്ടത്.സംഭവത്തില്‍ പരാതി ലഭിക്കുന്ന അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി അറിയിച്ചു.
◾ ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ വീഡിയോ പുറത്ത്. മരണമൊഴി എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതല്‍ വീടിനടുത്തുള്ള കണ്ണന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന നിധീഷ് മുരളീധരന്‍ ലൈംഗികമായി നിരന്തരം ചൂഷണം ചെയ്തുവെന്നും ആള്‍ ഇപ്പോള്‍ വിവാഹം കഴിച്ച് നല്ല നിലയില്‍ ജീവിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. ആര്‍എസ്എസ് ശാഖകളില്‍ നിരവധി കുട്ടികള്‍ പീഢനം അനുഭവിക്കുന്നുണ്ടെന്നും അനന്തു അജി ആരോപിക്കുന്നുണ്ട്.

◾ പാലക്കാട് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും തടഞ്ഞുവെച്ച് കെഎസ്യു പ്രതിഷേധം. കഴിഞ്ഞ ദിവസം ഉണ്ടായ എസ്എഫ്ഐ - കെഎസ്യു സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമായി 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പരിക്കേറ്റ കോളജ് യൂണിയന്‍ മുന്‍ ചെയര്‍പേഴ്സണ്‍ ആതിര പ്രിന്‍സിപ്പാള്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ഇന്നലെ അധ്യാപകരെ തടഞ്ഞ് പ്രതിഷേധം നടത്തിയത്.

◾ നിര്‍മിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിര്‍മിത ബുദ്ധി സഹായത്താല്‍ കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടര്‍ച്ചയായി ബസുകള്‍ ഒരേ റൂട്ടില്‍ പോകുന്ന സാഹചര്യമുണ്ട്. നിര്‍മിത ബുദ്ധിയാല്‍ പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടില്‍ കൃത്യമായ ഇടവേളയിലാണ് ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും എന്നും മന്ത്രി പറഞ്ഞു.

◾ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിച്ചു. പൊന്‍കുന്നത്തുനിന്ന് പുതുക്കാട്ടേക്ക് സ്ഥലം മാറ്റിയ സംഭവത്തില്‍ ഡ്രൈവര്‍ ജെയ്മാന്‍ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെഎസ്ആര്‍ടിസി രംഗത്തെത്തി.
◾ സിപിഐ മുന്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് ഇന്നലെ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ നടപടി എടുത്തത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ മീനാങ്കല്‍ കുമാര്‍ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.

◾ പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കള്‍ സെന്റ് റീത്താസ് സ്‌കൂളില്‍ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കല്‍ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോണ്‍ കുറ്റപ്പെടുത്തി.

◾ മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കൂടാതെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസില്‍ സിപിഎം - ബിജെപി ഒത്തുകളി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

◾ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചതിന് പിന്നാലെ തിരുവനന്തപുരം പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലിയൂര്‍ പുന്നംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

◾ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തില്‍ എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. താന്ത്രിക വിധിയും ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെയാണ് ദര്‍ശനം ഒരുക്കുന്നത്. രാഷ്ട്രപതിയുടെ ദര്‍ശന വിവരങ്ങള്‍ തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.

◾ ഭിന്നശേഷി അധ്യാപക നിയമന വിഷയത്തില്‍ എന്‍എസ്എസിന് ലഭിച്ച വിധി ക്രൈസ്തവ സഭകള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ മടിക്കേണ്ട കാര്യമില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക സഭയ്ക്കുണ്ടെന്നും എന്‍എസ്എസിന് ലഭിച്ച ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണമെന്നും അതുപോലെ ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾ സ്വര്‍ണപ്പാളി വിവാദം പുതിയ തലങ്ങളിലേക്ക് പോകുന്നതിനിടെ ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വെള്ളിയാഴ്ച തിരികെ ഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് നട തുറന്ന ശേഷമാകും സ്വര്‍ണപ്പാളികള്‍ വീണ്ടും ഘടിപ്പിക്കുക. ഈ സമയത്ത് ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

◾ ആറന്മുള വള്ളസദ്യ വിവാദത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ആചാരലംഘനം നടത്തിയിട്ടില്ലയെന്ന് പറഞ്ഞ മന്ത്രി വിവാദം ആസൂത്രിതമാണെന്നും കുബുദ്ധിയില്‍ നിന്ന് ഉണ്ടായതാണെന്നും ചൂണ്ടിക്കാട്ടി. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സദ്യ കഴിക്കണം എന്ന് പറഞ്ഞു. 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്നും മന്ത്രി വിമര്‍ശിച്ചു.

◾ ആറന്മുള ആചാര ലംഘനവുമായി ബന്ധപ്പെട്ട്മന്ത്രി വി എന്‍ വാസവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗ്യാസിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുന്‍പ് വാസവന്‍ സദ്യ കഴിച്ചതെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. ദൈവങ്ങള്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു 'കിണ്ടി വാസു' ആയതെന്നും അദ്ദേഹം പരിഹസിച്ചു.

◾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. സീരിയല്‍ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന പരാതി അംഗീകരിച്ചാണ് വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം തടയാനും വി സി ഡോ. പി രവീന്ദ്രന്‍ നിര്‍ദേശിച്ചു.

◾ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന പരാതിയുമായി യുവതി. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെയാണ് പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ പീഡന ശ്രമം. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അതേസമയം പരാതിയെ തുടര്‍ന്ന് വേഫെറര്‍ ഫിലിംസ് ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നല്‍കി. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് വ്യക്തമാക്കി.

◾ തൃശൂര്‍ വടക്കാഞ്ചേരി - കുന്നംകുളം റൂട്ടില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. സ്വകാര്യ ബസിലെ കണ്ടക്ടറെ കള്ളക്കേസില്‍ കുടുക്കി കേസെടുത്തുവെന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് സ്വകാര്യബസ് പണിമുടക്കിലേക്ക് എത്തിച്ചത്. ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയില്‍ എരുമപ്പെട്ടിയില്‍ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ അനൂപിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. അനൂപിനെതിരെ കള്ളക്കേസെടുത്തുവെന്ന് ആരോപിച്ചുകൊണ്ട് വടക്കാഞ്ചേരി - കുന്നംകുളം റൂട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷം സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു.

◾ സംസ്ഥാനത്ത് 20 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തിന്റെ വരവ് ഇന്ന് സ്ഥിരീകരിച്ചേക്കും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്, നാളെ എറണാകുളം ജില്ലയ്ക്കും ഓറഞ്ച് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ക്ക് ഇന്ന് മഞ്ഞ മുന്നറിയിപ്പാണ്.

◾ കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് ഒന്നര കിലോമീറ്റര്‍ അകത്തേക്ക് കടല്‍ ഉള്‍വലിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങളായി കടല്‍ കുറച്ച് ഉള്‍വലിഞ്ഞിരുന്നെങ്കിലും ഇത്രയും ഉള്ളിലേക്ക് പോയത് ആദ്യമാണെന്ന് കച്ചവടക്കാരും പ്രതികരിച്ചു. തിരയില്ലാതെ നിശ്ചലാവസ്ഥയായ കടല്‍ കാണാനും നിരവധി പേര്‍ എത്തിയിരുന്നു..

◾ അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ബിഹാര്‍ പൊലീസും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ 684 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് ഏകദേശം 1.71 കോടി രൂപ വിലമതിക്കും. ബിഹാറിലെ ഗയ ജില്ലയിലെ ബരാചട്ടിയില്‍ വെച്ചാണ് ഇന്ന് അറസ്റ്റ് നടന്നത്.

◾ ഗഡ്ചിരോളി ജില്ലയെ സംബന്ധിച്ച് ഇന്ന് സുപ്രധാന ദിവസമാണെന്നും ജില്ലയില്‍ നിന്നും മാവോയിസത്തെ ഉന്മൂലനം ചെയ്യല്‍ ഇന്നിവിടെ തുടങ്ങുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിര്‍ന്ന സിപിഐ (മാവോയിസ്റ്റ്) നേതാവ് ഭൂപതി എന്നറിയപ്പെടുന്ന നക്‌സല്‍ കമാന്‍ഡര്‍ മല്ലോജുല വേണുഗോപാല്‍ റാവുവും മറ്റ് 60 നക്‌സലൈറ്റുകളും ഗഡ്ചിരോളി പൊലീസ് ആസ്ഥാനത്ത് കീഴടങ്ങിയതിന് പിന്നാലെയാണ് ഫഡ്നാവിസിന്റെ പരാമര്‍ശം.

◾ സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.

◾ ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് ചൊവ്വാഴ്ച കൈമാറിയ മൃതദേഹങ്ങളില്‍ ഒന്നിന് ബന്ദികളിലൊരാളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. നിലവിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറില്‍ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി ചൊവ്വാഴ്ച നാല് മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്. മരിച്ച ബന്ദികളെ തിരികെ നല്‍കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഹമാസ് നടത്തേണ്ടതുണ്ടെന്നും ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

◾ അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. 20 താലിബാനികള്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്റെ അവകാശവാദം. അഫ്ഗാന്‍ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. അതേസമയം, 12 സാധാരണക്കാര്‍ പാക് ആക്രമണത്തില്‍ മരിച്ചെന്നും ശക്തമായി തിരിച്ചടിച്ചെന്നും താലിബാന്‍ അവകാശപ്പെടുന്നു.

◾ ലോകത്തെ ഏറ്റവും ശക്തമായ ആദ്യത്തെ പത്ത് പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ നിന്ന് അമേരിക്ക പുറത്ത്. മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണ് നിലവില്‍ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ചെല്ലാന്‍ കഴിയുന്ന സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 190 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താന്‍ കഴിയുന്ന ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത് 189 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താന്‍ കഴിയുന്ന ജപ്പാനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

◾ പ്രമുഖ വിദേശ നയതന്ത്ര വിദഗ്ദ്ധനും ഇന്ത്യന്‍ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസ് അറസ്റ്റില്‍. രഹസ്യ സ്വഭാവമുള്ള ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമ വിരുദ്ധമായി കൈവശം വെച്ചു, ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടങ്ങി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും 2,50,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കേസാണ് എന്ന് യു എസ്. അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

◾ 48 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്താനും അഫ്ഗാനിസ്താനും.നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെയാണീ തീരുമാനം. ഇന്നലെ വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ആറ്പാകിസ്താന്‍ സൈനികര്‍ക്കും 15-ഓളം അഫ്ഗാന്‍ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍.

◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പ്പായിരിക്കുമതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇതേകുറിച്ചുള്ള ചോദ്യത്തിന് വാഷിങ്ടനിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

◾ 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായി അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തതായികോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് എക്‌സിക്യുട്ടീവ് ബോര്‍ഡ് സ്ഥിരീകരിച്ചു. നവംബര്‍ 26-ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

◾ യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി ചരിത്ര നേട്ടവുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. യൂറോപ്പിലെ പ്രമുഖ കമ്പനിയില്‍ നിന്ന് 6 ഫീഡര്‍ വെസ്സലുകള്‍ നിര്‍മിക്കാനായി 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ ആണ് കൊച്ചി ആസ്ഥാനമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്. എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് ഭാരശേഷിയുള്ള വെസ്സലുകളാണ് കൊച്ചി ഷിപ്പ്യാര്‍ഡ് നിര്‍മ്മിച്ച് നല്‍കുക. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകള്‍ നിര്‍മിച്ച് ശ്രദ്ധനേടിയ കൊച്ചി കപ്പല്‍ശാല, ആദ്യമായാണ് എല്‍എന്‍ജി അധിഷ്ഠിത കപ്പല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഓര്‍ഡര്‍ ലഭിച്ചതിന്റെ വിശദാംശങ്ങള്‍ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഓര്‍ഡര്‍ സംബന്ധിച്ച ഔദ്യോഗിക കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. അതേസമയം, ഉപഭോക്തൃകമ്പനിയുടെ പേര് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓര്‍ഡറുകളാണ്.

◾ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന 'അതിഭീകര കാമുകന്‍' സിനിമയുടെ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഏറെ മനോഹരമായ പോസ്റ്ററില്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന്ന നായകനേയും നായികയേയുമാണ് കാണിച്ചിരിക്കുന്നത്. നവംബര്‍ 14നാണ് സിനിമയുടെ റിലീസ്. പാലക്കാട്, കൊടൈക്കനാല്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ അതിഭീകര കാമുകന്‍ ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറില്‍ ഉള്ളതാണ്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

◾ കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി റോഷന്‍ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഇത്തിരി നേര'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. പ്രണയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സെറിന്‍ ഷിഹാബ് ആണ് നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് മുട്ടുന്ന രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രണയമാണ് ടീസര്‍ കാണിക്കുന്നത്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. റോഷന്‍ മാത്യു നായകനായ ചിത്രത്തില്‍ നന്ദു, ആനന്ദ് മന്മഥന്‍,ജിയോ ബേബി,കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍ മൈത്രേയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

◾ ജിഎസ്ടി ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബര്‍ മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ഇഞ്ചിയോണ്‍ കിയ. ചെറു എസ്യുവിയായ കിയ സോണറ്റ് ഇനി 10 ലക്ഷം രൂപയ്ക്ക് താഴെ ഓണ്‍ റോഡ് നിരക്കില്‍ സ്വന്തമാക്കാം. പുതുക്കിയ ജിഎസ്ടി പരിഷ്‌ക്കരണങ്ങള്‍ പ്രകാരം 1.64 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളും ഒപ്പം ഇഞ്ചിയോണ്‍ കിയ നല്‍കുന്ന 58,750 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും സോണറ്റിന് ലഭിക്കും. കിയ സിറോസിന് 1.86 ലക്ഷം രൂപ വരെ ജിഎസ്ടി ആനുകൂല്യവും 88260 രൂപ വരെ ഇഞ്ചിയോണ്‍ നല്‍കുന്ന ആനുകൂല്യങ്ങളും ലഭിക്കുന്നു. സെല്‍റ്റോസിന് 75,372 രൂപ വരെ ജിഎസ്ടി ആനുകൂല്യങ്ങളുംം 96,440 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളുണ്ട്. കാരന്‍സിന് ജിഎസ്ടി ഇളവും മറ്റ് ആനുകൂല്യങ്ങളും ചേര്‍ന്ന് 70,000 രൂപയ്ക്ക് മുകളില്‍ ഇളവ് ലഭിക്കും. കാരന്‍സ് ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 78,674 രൂപ വരെ ജിഎസ്ടി ഇളവും, 83,625 രൂപ വരെ പ്രത്യേക ഓഫറും ലഭ്യമാണ്. കാര്‍ണിവലിന് 4.48 ലക്ഷം രൂപ വരെയാണ് ജിഎസ്ടി ആനുകൂല്യങ്ങളാണ് ലഭിക്കുക, ഒപ്പം 1.52 ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. ഇലക്ട്രിക് എസ്യുവിയായ ഇവി 6-ന് 15 ലക്ഷത്തോളമാണ് ഇഞ്ചിയോണ്‍ കിയ നല്‍കുന്ന പ്രത്യേക ഓഫര്‍.

◾ പണ്ഡിതനായ കെ.വി.എം. രചിച്ച ഉര്‍വ്വശി, പരീക്ഷിത്ത് എന്നീ കൃതികളുടെ സമാഹാരം. കാളിദാസന്റെ വിക്രമോര്‍വ്വശീയത്തിന്റെ സ്വതന്ത്രഗദ്യാഖ്യാനമാണ് ഉര്‍വ്വശി. മൂലകൃതിയില്‍നിന്നും സന്ദര്‍ഭാനുസരണം ചില ഭാഗങ്ങള്‍ മാറ്റിയും കൂട്ടിച്ചേര്‍ത്തും രചിച്ച ഈ കൃതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാവിക്രമോര്‍വ്വശീയത്തെയും അവലംബിച്ചിട്ടുണ്ട്. ഭാഗവതപുരാണത്തിലും മഹാഭാരതത്തിലുമായി വിവരിക്കപ്പെടുന്ന പരീക്ഷിത്തു മഹാരാജാവിന്റെ കഥകളാണ് പരീക്ഷിത്ത് എന്ന സ്വതന്ത്രപുനരാഖ്യാനം. അപ്‌സരസ്സായ ഉര്‍വ്വശിയുടെയും കുരുവംശരാജാവായ പരീക്ഷിത്തിന്റെയും കഥകള്‍ പ്രതിപാദിക്കുന്ന രണ്ടു പുരാണകൃതികളുടെ സമാഹാരം. 'ഉര്‍വ്വശിയും പരീക്ഷിത്തും: രണ്ട് പുരാണകഥകള്‍'. മാതൃഭൂമി. വില 127 രൂപ.

◾ അച്ചാര്‍ കഴിപ്പ് അമിതമായാല്‍ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ വഷളാക്കാനും കാരണമാകും. അച്ചാറില്‍ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മര്‍ദം വര്‍ധിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ ഒരു പ്രധാന കാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗമാണ്. പ്രത്യേകിച്ച്, കടകളില്‍ നിന്ന് വാങ്ങുന്ന പ്രിസര്‍വേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകള്‍. ഇത് കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എണ്ണയും ഉപ്പും കുറച്ചുകൊണ്ട് വീട്ടിലുണ്ടാക്കുന്ന അച്ചാറുകള്‍ ആരോഗ്യപ്രദമാണ്. ഇതില്‍ അടങ്ങിയ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തെ മെച്ചപ്പെടുത്തും. അച്ചാറിലെ ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ ദഹനത്തിന് വളരെ മികച്ചതാണ്. ഉപ്പ്, എണ്ണ എന്നിവ വളരെ കുറച്ചും, കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കാതെയും അച്ചാര്‍ ഉണ്ടാക്കുന്നതാണ് നല്ലത്. അച്ചാറിലെ പുളിയില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നു. ഇതിനായി ലെമണ്‍ ജ്യൂസ്, നാച്ചുറല്‍ വിനിഗര്‍ എന്നിവ ഉപയോഗിക്കുക. കടുക് എണ്ണ, നല്ലെണ്ണ, ഒലിവ് ഓയില്‍ എന്നിവ വളരെ കുറച്ച് ഉപയോഗിക്കുക.

*ശുഭദിനം*

Post a Comment

Previous Post Next Post