Trending

വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെ; ആക്രമണസമയത്ത് യാസര്‍ ലഹരി ഉപയോഗിച്ചില്ലെന്ന് സ്ഥിരീകരണം



കോഴിക്കോട് : ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. സ്വബോധത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് തെളിഞ്ഞതോടെ വളരെ ആസൂത്രിതമായി പുതിയ കത്തിവാങ്ങിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അനുമാനം.

കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകള്‍ ഷിബില(24)യെ കുത്തിക്കൊന്ന ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) രാത്രി 12 മണിയോടെയാണ് പിടിയിലായത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത യാസറിനെ താമരശ്ശേരി പോലീസിന് കൈമാറി. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്.

കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസര്‍ ഷിബിലയെ കുത്തിയത് തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. മൂവരെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷിബിലയുടെ ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതെ സ്‌നേഹിച്ച് വിവാഹംകഴിച്ച് ഒരുമിച്ചുകഴിയുകയായിരുന്നു ഷിബിലയും യാസറും. വിവാഹത്തിനു മുമ്പ് യാസര്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതാണ് ഇവരുടെ വിവാഹത്തെ ഷിബിലയുടെ കുടുംബം എതിര്‍ക്കാന്‍ കാരണമായത്. യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം സഹികെട്ടാണ് ഷിബില ഒരുമാസം മുമ്പ് സ്വന്തംവീട്ടിലേക്ക് മടങ്ങിയെത്തിയത്.

സ്വന്തംവീട്ടിലെത്തി അകന്നു കഴയുമ്പോഴും ഫോണ്‍വിളിച്ചും സാമൂഹികമാധ്യമങ്ങള്‍ വഴിയും യാസര്‍ ഉപദ്രവം തുടര്‍ന്നതോടെയാണ് ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നല്‍കിയത്. എന്നാല്‍ തുടര്‍നടപടി മധ്യസ്ഥ ചര്‍ച്ചയിലൊതുങ്ങി. അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു ഇതിലുള്ള വൈരാഗ്യമെന്നോണമാണ് യാസര്‍ ഷിബിലയുടെ വസ്ത്രങ്ങള്‍ കൂട്ടിയിട്ടുകത്തിച്ച് ഈ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പങ്കുവെക്കുകയും ചെയ്തു.

Post a Comment

Previous Post Next Post