Trending

പ്രഭാത വാർത്തകൾ 2025 മാർച്ച് 21 വെള്ളി 1200 മീനം 7 തൃക്കേട്ട 1446 റമദാൻ 20


◾ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍ജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീര്‍ക്കാന്‍ ഇടപെടല്‍ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

◾ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ എത്തി. തമിഴ്നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സ്വീകരിച്ചു. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു.

◾ കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശാ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ റസിഡന്റ് കമ്മീഷണര്‍ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിട്ടു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തില്‍ പറയുന്നത്.

◾ ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

◾ ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി നജീബ് കാന്തപുരം എം.എല്‍. എ. ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും സര്‍ക്കാര്‍ ക്രൂശിക്കുകയാണെന്ന് നജീബ് കാന്തപുരം സഭയില്‍ ആരോപിച്ചു. സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നുവെന്നും സ്ത്രീകള്‍ എന്ന പരിഗണന പോലും നല്‍കുന്നില്ലെന്നും വെയിലത്തും മഴയത്തും സമരം ചെയ്യുന്നവര്‍ക്ക് നീതിയില്ലെന്നും സര്‍ക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങള്‍ക്കും കയ്യില്‍ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

◾ അങ്കണവാടി, ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ ട്രേഡ് യൂണിയനുകള്‍ നിലപാടെടുക്കാത്തതെന്താണെന്നും യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയില്‍ വന്നാല്‍ അതിന്റെ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും മന്ത്രി പി രാജീവ്. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരല്‍ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുതെന്നും സമരത്തോട് ഐഎന്‍ടിയുസിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

◾ ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്.മിനി. ഓണറേറിയാം കൂട്ടാന്‍ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്നും അതിനായി കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ലെന്നും ഇന്‍സെന്റിവ് കൂട്ടാന്‍ ആണ് മന്ത്രി പോയതെങ്കില്‍ നല്ലതെന്നും അവര്‍ പറഞ്ഞു.

◾ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. വര്‍ധന ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റില്‍ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.  

◾ കണ്ണൂര്‍ മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഗൃഹനാഥന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഗുഡ്സ് ഓട്ടോ ഡ്രൈവറായ മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണനാണ് (51) മരിച്ചത്. സംഭവത്തില്‍, നിര്‍മാണ കരാറുകാരനായ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുനിര്‍മാണ കരാറിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.

◾ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലെ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 30 നാണ് യോഗം. വിദ്യാര്‍ത്ഥി സംഘടനകളുടെയും സംസ്‌കാരിക സംഘടനളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.  

◾ കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍ണ്ണമായ വര്‍ദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ലോണുകളിലും 38 ശതമാനം വര്‍ധനവുണ്ടായി. കെ-സ്റ്റോര്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  

◾ വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കാനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നിലവില്‍ പരമ്പരാഗത യാനങ്ങള്‍ ഇവിടെ കരക്കടുപ്പിക്കാന്‍ പ്രയാസം അനുഭവിക്കുന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. സാന്‍ഡ് പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുക.

◾ കണ്ണൂര്‍ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിര്‍ണയ നടപടികള്‍ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. രേഖകള്‍ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിര്‍ണയിക്കുമെന്നും നടപടികള്‍ വേഗത്തില്‍ ആക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

◾ ശശി തരൂരിനെയും മോദിയേയും പുകഴ്ത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. റഷ്യയെ ഉപരോധിക്കില്ലെന്ന് സിപിഎം മുമ്പ് പറഞ്ഞപ്പോള്‍ തരൂര്‍ പരിഹസിച്ചതാണെന്നും ഇപ്പോള്‍ തരൂര്‍ നിലപാട് മാറ്റിയതാണ് തുറന്നു കാട്ടിയതെന്നും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് മോദി തുടര്‍ന്നത് ശരിയായ നിലപാടായിരുന്നുവെന്നും, പല തെറ്റു ചെയ്യുമ്പോള്‍ മോദി ഒരു ശരി ചെയ്തുവെന്നും അമേരിക്കന്‍ വിധേയത്വത്തിന്റെ കാര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടെന്നും ബ്രിട്ടാസ് പറഞ്ഞു.

◾ മുതലപ്പൊഴിയില്‍ മത്സ്യ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. അഴിമുഖത്തെ മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തീരദേശ റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. അഞ്ച്തെങ്ങു മുതല്‍ പെരുമാതുറ വരെയുള്ള എല്ലാ റോഡുകളും മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു. ആംബുലന്‍സ് ഒഴികെയുളള എല്ലാ വാഹനങ്ങളും തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

◾ സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയില്‍. ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ്. ശാന്തിവിള ദിനേശും ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുനില്‍ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

◾ രാജ്യത്താദ്യമായി വയോജനങ്ങള്‍ക്കായി കമ്മീഷന്‍ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.  

◾ മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ.ഇ. ഇസ്മായിലിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തു. സിപിഐ എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു.

◾ പി വി അന്‍വറിന് വിവരം ചോര്‍ത്തി നല്‍കിയതിന് ഡിവൈഎസ്പി എം.ഐ ഷാജിയെ പൊലീസ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ' ആശ്രമം കത്തിച്ചതിന്റെ അന്വേഷണ' വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തി നല്‍കിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾ ലഹരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി താമരശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗം. ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിവാഹത്തിന് മഹല്ലുകള്‍ സഹകരിക്കില്ലെന്നും ലഹരി കുറ്റവാളികളെ മഹല്ലുകള്‍ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

◾ മാവേലിക്കരയില്‍ സൂര്യാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു. തെക്കേക്കര വരേണിക്കല്‍ വല്ലാറ്റ് വീട്ടില്‍ പ്രഭാകരന്‍ (73) ആണ് മരിച്ചത്. കൃഷി നോക്കാനായി രാവിലെ ഏഴരയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാര്‍ പറയുന്നു. രാത്രി ആയിട്ടും കാണാതായതോടെ പാടശേഖരത്തില്‍ നടത്തിയ പരിശോധനയില്‍ പാടത്ത് വീണ നിലയില്‍ കണ്ടെത്തി. പ്രഭാകരന്റെ സ്‌കൂട്ടര്‍ മറിഞ്ഞ് ശരീരത്തില്‍ വീണ നിലയിലായിരുന്നു. ശരീരമാസകലം പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നു.

◾ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

◾ കോടതിയിലേക്ക് ആരോഗ്യത്തോടെ നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ കോടതിയില്‍ എത്തുമ്പോള്‍ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പാതിവില തട്ടിപ്പുകേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പല കേസുകളും പരിഗണിച്ചാണ് നിരീക്ഷണം.

◾ കിഴിശ്ശേരിയില്‍ മഞ്ചേരി റോഡില്‍ ഗുഡ്സ് ഇടിച്ച് അതിഥി തൊഴിലാളി മരിച്ച സംഭവം കൊലപാതകം എന്ന് സംശയം. ഇന്നലെ രാത്രി ഇസ്സത് സ്‌കൂളിന്റെ സമീപമായിരുന്നു സംഭവം.കേസില്‍ അസം സ്വദേശി ഗുല്‍സാര്‍ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ഓഫീസില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭര്‍ത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

◾ ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി വാടാനപ്പിള്ളി പൊലീസ് നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ഏങ്ങണ്ടിയൂര്‍ സ്വദേശി അഖിന്‍ (36) ആണ് പൊലീസിന്റെ പിടിയിലായത്. വാടാനപ്പിള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

◾ യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ സ്വദേശികളായ ജോര്‍ജി ഫ്രാന്‍സിസ് (24), തന്‍സീര്‍ (27) എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ രജിത്ത് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.

◾ മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്ന്, രണ്ട്, ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസില്‍ ശിക്ഷ ഈ മാസം 22 ന് വിധിക്കും.

◾ ആലുവയില്‍ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്.

◾ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ കാത്ത് ലാബ് പണിമുടക്കിയിട്ട് മാസങ്ങളെന്ന് പരാതി. രണ്ട് കാത്ത് ലാബുകളുള്ള മെഡിക്കല്‍ കോളെജില്‍ ഒരെണ്ണം പ്രവര്‍ത്തന രഹിതമായിട്ട് ആറുമാസമായിട്ടും അതു മാറ്റിസ്ഥാപിക്കാനോ പുതിയതു വാങ്ങാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.

◾ കാസര്‍കോട് വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കാസര്‍കോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകന്‍ വിജേഷ്, ഭാര്യ വിപിന ഇവരുടെ എഴും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും ഇറക്കി വിട്ടാണ് വീട് ജപ്തി ചെയ്തത്. വായ്പാ തിരിച്ചടവിന് ആറ് മാസമെങ്കിലും സാവകാശം നല്‍കണമെന്നും ഒരു വര്‍ഷം കിട്ടിയാല്‍ മുഴുവന്‍ തുകയും തിരിച്ചടക്കാമെന്നും വിജേഷ് പറയുന്നു.

◾ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസര്‍കോട് സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെങ്കള സ്വദേശി കെ എം ജാബിര്‍ (33), മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും 6.987 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അതോടൊപ്പം നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേരും പിടിയിലായി. പാറശാല കോഴിവിള സ്വദേശി സല്‍മാന്‍ (23), വള്ളക്കടവ് സ്വദേശി സിദ്ധിക് (34) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 21ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

◾ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍ പിടിയിലായി. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡന വിവരം വിശദീകരിച്ച് സഹപാഠിയായ പെണ്‍കുട്ടിക്ക് അയച്ച കത്താണ് കേസില്‍ നിര്‍ണായകമായത്.

◾ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്‌കരിക്കാന്‍ ശ്രമം. മണ്ണഞ്ചേരി സ്വദേശി അര്‍ജുന്റെ മൃതദേഹമാണ് വീട്ടുകാര്‍ സംസ്‌കരിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്‌കാരം തടഞ്ഞു. യുവാവിന്റെ മരണകാരണം വ്യക്തമല്ല. യുവാവ് കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.

◾ ആദ്യമായി മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ്. നാദാപുരം ചെക്യാട് സ്വദേശി നംഷിദി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കരുതല്‍ തടങ്കല്‍ നിയമപ്രകാരം നംഷിദിന് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. ചെന്നൈയിലെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റീജ്യണല്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് ശിക്ഷാ നടപടി.

◾ തമിഴ്നാട് ഈറോഡില്‍ പട്ടാപ്പകല്‍ നടുറോഡില്‍ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു. സേലം സ്വദേശിയും നിരവധി കൊലക്കേസുകളില്‍ പ്രതിയുമായ ജോണ്‍ എന്ന ചാണക്യനെ ആണ് രണ്ട് കാറുകളിലായി എത്തിയ എട്ടംഗ അക്രമി സംഘം പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. ഭാര്യക്കൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു ആക്രമണം.

◾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു. ഒരാള്‍ മരിച്ചു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്.

◾ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അടിസ്ഥാന ചെലവുകള്‍ വഹിക്കാനും പാടുപെടുന്ന സാഹചര്യത്തിലും രേവന്ത് റെഡ്ഡി സര്‍ക്കാര്‍ സൗന്ദര്യ മത്സരത്തിന് ഭീമമായ തുക അനുവദിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം. മിസ് വേള്‍ഡ് മത്സരത്തിന് 200 കോടി അനുവദിച്ചപ്പോള്‍ ഫോര്‍മുല-ഇ റേസ് ഇവന്റിനായി 46 കോടി സര്‍ക്കാര്‍ ചെലവഴിച്ചെന്ന് ബിആര്‍എസ് നേതാവ് കെടി രാമറാവു ആരോപിച്ചു.

◾ അമേരിക്കയില്‍ ഗവേഷകനായ ഇന്ത്യക്കാരനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയ ബദര്‍ ഖാന്‍ സുരിയെ വിര്‍ജീനിയയിലെ വീടിന് മുന്നില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബദര്‍ ഖാന്‍ സുരി ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

◾ രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ നയരൂപീകരണം നടത്തണമെന്ന് സുപ്രീംകോടതി. കോടതി നിര്‍ബന്ധിത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാല്‍ ഉചിതമാകില്ലെന്നും സംസ്ഥാനങ്ങള്‍ നയരൂപീകരണം നടത്തുന്നതാണ് ഉത്തമമെന്നും ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയിലേക്ക് പ്രവേശിക്കുന്നതിനെതിരെ യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു

◾ തമിഴ്നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിലെ തുടര്‍ നടപടികള്‍ തിങ്കളാഴ്ച വരെ വിലക്കി മദ്രാസ് ഹൈക്കോടതി. കാരണം വ്യക്തമാക്കാതെ ടാസ്മാക ജീവനക്കാരെ അന്യായമായി മണിക്കൂറുകള്‍ തടഞ്ഞുവച്ചെന്ന പരാതി ഭയാനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇഡി റെയ്ഡിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം .

◾ കര്‍ണാടകയില്‍ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കി സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 40000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവില്‍ എംഎല്‍എമാര്‍ക്ക് അലവന്‍സുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വര്‍ധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വര്‍ധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്.

◾ ട്രെയിനില്‍ വെച്ച് വനിത യാത്രക്കാരിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളയച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സര്‍വീസ് നടത്തുന്ന ബുണ്ടേല്‍ഖണ്ഡ് എക്സ്പ്രസിലെ 3എസി കോച്ചിലെ ടിടിഇയെ ജോലിയില്‍ നിന്ന് മാറ്റി. റിസര്‍വേഷന്‍ വിവരങ്ങളില്‍ നിന്ന് മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു ടിടിഇയുടെ ഉപദ്രവം. ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റെയില്‍വെ അറിയിച്ചു.

◾ മുന്‍ ഇസ്രോ ചെയര്‍മാനും മലയാളിയുമായ എസ് സോമനാഥിനെ ആന്ധ്ര സര്‍ക്കാരിന്റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. ഇസ്രോ ചെയര്‍മാന്‍ പദവിയില്‍ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ് നിയമന ഉത്തരവ് പുറത്തിറക്കി. ടെക്, വ്യവസായ വികസനരംഗത്ത് കൂടുതല്‍ പ്രമുഖരെ ചന്ദ്രബാബു നായിഡു ഉപദേശകപദവിയില്‍ നിയമിച്ചിട്ടുണ്ട്.

◾ ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 38.8 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. പിടിയിലായത് ഘാന സ്വദേശിനിയാണെന്നും വിലയേറിയ കൊക്കൈനാണ് ഇവര്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

◾ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസര്‍ ഫീ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ആണ് ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യൂസര്‍ ഫീ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യൂസര്‍ ഫീസ് 650 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചു. നിലവില്‍ ആഭ്യന്ത യാത്രക്കാര്‍ക്ക് യൂസര്‍ ഫീസ് ഇല്ല. യൂസര്‍ ഫീസ് പരിഷ്‌കരണത്തിനായി എംഐഎഎല്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദേശം സമര്‍പ്പിച്ചു.

◾ ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു.കാങ്കെറില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

◾ വരുമാനം നേടാന്‍ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

◾ കര്‍ണാടക നിയമസഭയില്‍ ആളിക്കത്തി ഹണിട്രാപ്പ് വിവാദം. ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിക്കഴിഞ്ഞുവെന്ന് സഹകരണമന്ത്രി കെ.എന്‍ രാജണ്ണ സഭയില്‍ ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും.

◾ നാളെ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

◾ കര്‍ണാടക നിയമസഭയില്‍ പുരുഷന്മാര്‍ക്ക് കുടിക്കാന്‍ മദ്യം സൗജന്യമായി നല്‍കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ജെഡിഎസ് നിയമസഭാംഗം എം ടി കൃഷ്ണപ്പ. നിങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്‍കുന്നു. അത് ഞങ്ങളുടെ പണമാണ് അതിനാല്‍, കുടിക്കുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കുക എന്ന എംഎല്‍എയുടെ ആവശ്യം സഭ പ്രക്ഷുബ്ധമാക്കി.

◾ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്. അന്താരാഷ്ട്ര സന്തോഷദിനത്തില്‍ യുഎന്‍ പുറത്തിറക്കിയ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഫിന്‍ലാന്‍ഡിനെ തിരഞ്ഞെടുത്തത്. ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, കോസ്റ്റാറിക്ക ,നോര്‍വേ, ഇസ്രായേല്‍, ലക്സംബര്‍ഗ്, മെക്സിക്കോഎന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് രാജ്യങ്ങള്‍. യുകെ ഇരുപത്തിമൂന്നാം സ്ഥാനത്തും അമേരിക്ക 24 -ാം സംസ്ഥാനത്തുമുള്ള റിപ്പോര്‍ട്ടില്‍ 147 രാജ്യങ്ങളില്‍ 118-ാം സ്ഥാനത്താണ് ഇന്ത്യ.

◾ യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിര്‍ത്തലിലും ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്ക് റഷ്യ പാലിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ റഷ്യ അനാവശ്യ ഉപാധികള്‍ വയ്ക്കുന്നുവെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.യുദ്ധം അവസാനിപ്പിക്കാനും വാഗ്ദാനം പാലിക്കാനുമായി ലോകരാജ്യങ്ങള്‍ റഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചക്കിടെ സെലന്‍സ്‌കി ആവശ്യപ്പെട്ടു.

◾ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 58 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യന്‍സ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം.  

Post a Comment

Previous Post Next Post