Trending

പയ്യോളി നാരായണന്‍ ഓര്‍മ്മദിനം ഇന്ന്

        സി വി ഇഖ്ബാ

കേരള പ്രവാസി സംഘത്തിന്റെ അമരക്കാരനും സംസ്ഥാന കമ്മറ്റി അംഗവുമായ പയ്യോളി നാരായണന്റെ ഓര്‍മ്മദിനം ആചരിച്ചു. ലക്ഷക്കണക്കായ പ്രവാസികളായ മലയാളികളെ ഒരു സംഘടിത പ്രസ്ഥാനത്തിന് കീഴില്‍ അണി നിരത്താന്‍ ജീവിതം മാറ്റിവെച്ച മനുഷ്യസ്‌നേഹിയായിരുന്നു പയ്യോളി നാരായണന്‍ എന്ന് കേരള പ്രവാസി സംഘം സെക്രട്ടറി സി.വി.ഇക്ബാല്‍ അനുസ്മരിച്ചു.കേരളത്തിലെ പ്രവാസികളുടെ ജീവല്‍പ്രശ്‌നങ്ങള്‍ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ മുന്നിലെത്തിക്കാനും പരിഹാരം കാണാനും അഹോരാത്രം പ്രവര്‍ത്തിക്കുകയും, ഐതിഹാസികമായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനുംഅദ്ദേഹത്തിന് കഴിഞ്ഞു. സംഘടനയുടെ ആക്റ്റിങ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് കുടിയേറ്റനിയമം നടപ്പിലാക്കുക, എമിഗ്രേഷന്‍ നിക്ഷേപത്തുക പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക, വിദേശത്തുള്ള പ്രവാസികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹം നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചും ശ്രദ്ധേയമായിരുന്നു.

ഇന്ന് പ്രവാസികള്‍ നിരവധി പ്രയാസങ്ങളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഗള്‍ഫ് മേഖലകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണവും, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും, സാമ്പത്തികമാന്ദ്യവും വലിയ തോതിലുള്ള തൊഴില്‍നഷ്ടങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ സര്‍വ്വതോന്‍മുഖമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുക്കാന്‍ കക്ഷിരാഷ്ട്രീയ, ജാതി, മത ഭേദമന്യേ മുഴുവന്‍ പ്രവാസികളെയും കേരള പ്രവാസി സംഘത്തിന് കീഴില്‍ അണി നിരത്താന്‍ കഴിയണം.
2024 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ആരംഭിക്കാനിരിക്കുന്ന ഈ ഘട്ടത്തില്‍ പയ്യോളി നാരായണന്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ പ്രയോഗികതലത്തിക്കുന്നതിനും ദുരിതമനുഭവിക്കുന്ന പ്രവാസി സമൂഹത്തിന് അത്താണിയാവുന്നതിനും, പ്രവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനും, നേടിയെടുത്തവ സംരക്ഷിക്കുന്നതിനും കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു. പയ്യോളിയുടെ കൂടെ സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള അവസരം ലഭിച്ച ഒരാളെന്ന നിലയില്‍ പയ്യോളിയുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ് എനിക്ക്.അദ്ദേഹത്തിന്റെ ദീപ്തസ്മരണയ്ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

Post a Comment

Previous Post Next Post