കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആല്‍ബുമിൻ സ്റ്റോക്ക് തീർന്നത് അർബുദ രോഗികളെ പ്രതിസന്ധിയിലാക്കുന്നു. ഇതേത്തുടർന്ന് 5000 രൂപയിലധികം വിലവരുന്ന മരുന്ന് രോഗികള്‍ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. അർബുദ രോഗികള്‍ക്ക് ശരീരത്തില്‍ പ്രോട്ടീന്‍റെ അളവ് കുറയുമ്ബോഴാണ് ആല്‍ബുമിൻ നിർദേശിക്കുന്നത്. പല രോഗികള്‍ക്കും ദിവസവും ഒരു ഡോസ് മരുന്ന് ആവശ്യമായിവരും.
കെ.എം.എസ്.സി.എല്‍ ഇതിന്‍റെ വിതരണം നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. മരുന്ന് സ്റ്റോക്ക് തീർന്ന് ഒരുമാസം പിന്നിട്ടിട്ടും ലോക്കല്‍ പർച്ചേസ് നടത്താൻ പോലും അധികൃതർ തയാറായിട്ടില്ല. ഇത് സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുകയാണ്. കാരുണ്യ പദ്ധതി വഴി 1000 രൂപ കുറച്ചും നേരത്തേ ആല്‍ബുമിൻ മെഡിക്കല്‍ കോളജില്‍നിന്ന് ലഭിച്ചിരുന്നു. ഫാർമസിയില്‍ സ്റ്റോക്ക് നിലച്ചതോടെ ഇതും നിലച്ചു.
കീമോ, റേഡിയേഷൻ എന്നിവ കഴിഞ്ഞ് ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാവുന്ന രോഗികള്‍ക്ക് വളരെ അത്യാവശ്യമുള്ള മരുന്നാണിത്. ഒരു ബോട്ടില്‍ മരുന്ന് ഒരു തവണ കൊടുക്കാൻ മാത്രമേ ഉണ്ടാവൂ. പല രോഗികളുടെയും കൂട്ടിരിപ്പുകാർ മരുന്ന് വാങ്ങാൻ കാശില്ലാതെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ സമീപിക്കുന്നത് പതിവാണ്.
അയല്‍ ജില്ലകളില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന രോഗികളാണ് കൈയില്‍ ആവശ്യത്തിന് പണവും മരുന്നും ലഭിക്കാതെ പ്രയാസപ്പെടുന്നത്. പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിലവില്‍ മരുന്നിന്‍റെ ഭാരിച്ച തുക കണ്ടെത്തുന്നത്. അടിയന്തരമായി മരുന്ന് സ്റ്റോക്ക് എത്തിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.
